ഗ്രാമി പുരസ്‌കാര വേദിയിൽ ‘സുതാര്യമായ’ വസ്ത്രം ധരിച്ചെത്തിയതിന്റെ പേരിൽ വേദിയിൽ നിന്ന് പുറത്താക്കപ്പെട്ട വിവാദ ഓസ്‌ട്രേലിയൻ മോഡൽ ബിയാങ്ക സെൻസൊറിയെ ന്യായീകരിച്ച് ഭർത്താവും ഗായകനുമായ കാന്യേ വെസ്റ്റ്. പ്രശസ്തിക്കു വേണ്ടി ചെയ്തതല്ലെന്നും നഗ്നത ഒരു കലാരൂപമാണെന്നും ഗായകൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
തങ്ങളെപ്പറ്റി പുറത്തുവരുന്ന വാർത്തകൾ അപ്രസക്തമാണ്. ഗ്രാമി പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഇന്റർനെറ്റിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞത് ബിയാങ്കയുടെ പേരാണ്. ഇതോടുകൂടി ഗ്രാമിയുമായി ബന്ധപ്പെട്ട മറ്റു വാർത്തകൾ പോലും ആരും ശ്രദ്ധിക്കാതായെന്നും കാന്യേ പറയുന്നു. ഞങ്ങൾ ഗ്രാമിയെ തോൽപ്പിച്ചു എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
വേദിയിൽ നഗ്നത പ്രദർശിപ്പിച്ചപ്പോൾ കടുത്ത വിമർശനം ഉയർന്നതോടെ ബിയാങ്കയ്ക്കൊപ്പം കാന്യേയും പുറത്തുപോയിരുന്നു. 67-ാമത് ഗ്രാമി വേദിയാണ് നാടകീയ സംഭവങ്ങൾക്ക് സാക്ഷിയായത്. ബിയാങ്കയെയും കാന്യേ വെസ്റ്റിനെയും ഗ്രാമി പുരസ്‌കാരത്തിന് ക്ഷണിച്ചിരുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. കറുത്ത മേൽവസ്ത്രം ധരിച്ചെത്തിയ ബിയാങ്ക വേദിയിൽ അത് നീക്കം ചെയ്യുകയായിരുന്നു. സുതാര്യമായ വസ്ത്രം ധരിച്ചിരുന്നുവെങ്കിലും ശരീരഭാഗങ്ങൾ മുഴുവനും പുറത്തു കാണുന്ന നിലയിലായിരുന്നു. ഇത് കടുത്ത പ്രതിഷേധത്തിന് കാരണമായിരുന്നു.
2022 ലാണ് കാന്യേ വെസ്റ്റും ബിയാങ്കയും വിവാഹിതരാകുന്നത്. സമൂഹമാധ്യമങ്ങളിൽ അശ്ലീല ചിത്രം പങ്കുവച്ചുവെന്ന് ആരോപിച്ച് നേരത്തേ ദമ്പതികൾക്കെതിരേ ആരോപണമുയർന്നിട്ടുണ്ട്.