ന്യൂഡൽഹി: ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്ന ഊർജമാണ് 2025-26 സാമ്പത്തികവർഷത്തേക്കുള്ള കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് മോദി സാമ്പത്തിക ബജറ്റിനെ വിശേഷിപ്പിച്ചത്. എന്നാൽ വെടിയുണ്ടയേറ്റുണ്ടായ മുറിവുകൾക്കുള്ള വെറും ബാൻഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചു.
കേന്ദ്രസർക്കാർ ആശയങ്ങളുടെ കാര്യത്തിൽ പാപ്പരത്തം നേരിടുകയാണെന്നും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. യഥാർഥ വേതനത്തിലെ മുരടിപ്പ്, ഉപഭോഗത്തിലെ ഉത്തേജനത്തിന്റെ അഭാവം, സ്വകാര്യനിക്ഷേപത്തിലെ മന്ദഗതി, സങ്കീർണമായ ജിഎസ്ടി സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥ അനുഭവിക്കുന്ന രോഗങ്ങളെന്ന് കോൺഗ്രസ് പറഞ്ഞു. അവയ്ക്ക് പരിഹാരമൊന്നും ഈ ബജറ്റിൽ കാണുന്നില്ലെന്നും ആരോപിച്ചു.
എന്നാൽ യുവാക്കൾക്ക് വിവിധ മേഖലകളിൽ അവസരം തുറക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ ബജറ്റ്, രാജ്യത്തെ ജനങ്ങളുടെ സ്വപ്നങ്ങൾ പൂർത്തീകരിക്കുന്നതാണ്. സാധാരണക്കാരെ സാമ്പത്തിക പ്രക്രിയയിൽ പങ്കാളികളാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നുവെന്നും- മോദി പറഞ്ഞു.