കൊല്ലം: വിളക്കുപാറയിൽ പഞ്ചായത്തിന്റെ നിർദ്ദേശ പ്രകാരം കൊന്ന് കുഴിച്ചുമൂടിയ കാട്ടുപന്നിയെ ഇറച്ചിയാക്കി വിറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഏരൂർ വിളക്കുപാറ കമ്പകത്തടം മഞ്ജു ഭവനിൽ ജോബിൻ എന്ന ജിബിൻ ജോസഫ് (43) ആണ് അറസ്റ്റിലായത്. സംഭവത്തിൽ ഉൾപ്പെട്ട ഇയാളുടെ കൂട്ടാളി സുരേഷ് ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് കമ്പകതടം പള്ളിക്ക് സമീപം അപകടകാരികളായ കാട്ടുപന്നികളെ കണ്ടെത്തിയത്.
തുടർന്ന് മനുഷ്യജീവന് ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ ഏരൂർ പഞ്ചായത്ത് നിർദേശിക്കുകയായിരുന്നു. തോക്ക് ലൈസൻസ് ഉള്ള വിളക്കുപാറ സ്വദേശി ദാനീയേലിനെ പഞ്ചായത്ത് അധികൃതർ വെടിവയ്ക്കാൻ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീട് വിളക്കുപാറ കമ്പകതടത്തിൽ പള്ളിക്ക് സമീപത്ത് ഒരു കാട്ടുപന്നിയെ വെടിവച്ചു കൊല്ലുകയും നിയമപ്രകാരം കുഴിച്ചു മൂടുകയും ചെയ്തു.
പിടിയിലായ ജിബിൻ ഉൾപ്പടെയുള്ളവർ ചേർന്നാണ് പന്നിയെ കുഴിച്ചുമൂടിയത്. രാത്രിയിൽ ജിബിനും സംഘവും എത്തി പന്നിയെ പുറത്തെടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി ഇറച്ചിയാക്കി വേണ്ടപ്പെട്ടവർക്ക് എത്തിച്ചു നൽകുകയായിരുന്നു. സംഭവത്തെ കുറിച്ച ്രഹസ്യ വിവരം ലഭിച്ച അഞ്ചൽ റേഞ്ച് ഫോറസ്റ്റ് അധികൃതർ പ്രതിയുടെ വീട്ടിൽ നിന്ന് ഇറച്ചി ഉൾപ്പെടെ പിടികൂടുകയും ജിബിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ആതിരയുടെ കൊലപാതകി ഇൻസ്റ്റഗ്രാം സുഹൃത്ത് ജോൺസൺ, കൊലയ്ക്കു പിന്നിൽ ഭർത്താവിനേയും കുഞ്ഞിനേയുമുപേക്ഷിച്ച് കൂടെ ചെല്ലാത്തതിലുള്ള പക
ഒളിവിൽ പോയ കൂട്ടാളി സുരേഷിനെ ഉടൻ പിടികൂടുമെന്നും കേസിൽ കൂടുതൽ ആളുകൾ ഉണ്ടോയെന്നും അന്വേഷിച്ചു വരികയാണെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജിത്ത് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ സ്ഥലത്തു എത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം വൈദ്യ പരിശോധനകൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.