ന്യൂഡൽഹി: ഭരണഘടന പ്രകാരം മലിനീകരണ രഹിതമായ അന്തരീക്ഷത്തിൽ ജീവിക്കുകയെന്നത് ഓരോ പൗരൻ്റെയും അവകാശമാണെന്ന് സുപ്രീം കോടതി. പടക്കങ്ങൾക്ക് രാജ്യ വ്യാപകമായ നിരോധനം ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും സുപ്രീം കോടതി ആരാഞ്ഞു. ഡൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമർശം.
പടക്കങ്ങൾ സ്ഥിരമായി നിരോധിക്കണമോയെന്ന് നവംബർ 25നകം തീരുമാനിക്കണമെന്നും ഡൽഹി സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. മലിനീകരണം സൃഷ്ടിക്കുന്ന ഒരുവിധത്തിലുള്ള പ്രവർത്തനത്തേയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സുപ്രീംകോടതി.
വർഷം മുഴുവനും ഗുരുതര വായു മലീനികരണം അഭിമുഖീകരിക്കുന്ന ഡൽഹിയിൽ നിർദ്ദിഷ്ടമാസങ്ങളിൽ മാത്രം പടക്കങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്തിനാണെന്നും കോടതി ചോദിച്ചു. നിയന്ത്രണാതീതമായ രീതിയിൽ പടക്കം പൊട്ടിക്കുന്നത് ആരോഗ്യവാൻമാരായിരിക്കുക എന്ന പൗരൻമാരുടെ മൗലികാവകാശത്തേയും ബാധിക്കുമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
പടക്ക നിരോധനത്തെ എതിർക്കുന്നവർക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് പറഞ്ഞു. നിരോധനത്തെ എതിർക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഈ കോടതിയിൽ വരട്ടെ,” ബെഞ്ച് പറഞ്ഞു, “തെരഞ്ഞെടുപ്പിൻ്റെ പേരിലും നിരവധി പടക്കങ്ങൾ കത്തിക്കുന്നു. വിവാഹങ്ങളിൽ പോലും അവ ഉപയോഗിക്കുന്നത് നാം കാണുന്നു. അവ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നു.
ഡൽഹിയിൽ പടക്കങ്ങൾക്ക് എന്തുകൊണ്ട് വർഷം മുഴുവനും നിരോധനം നടപ്പാക്കുന്നില്ല? പടക്കങ്ങളുടെ നിർമാണത്തിനും വിൽപനയ്ക്കും ഉപയോഗത്തിനും എന്തുകൊണ്ടാണ് ഒക്ടോബറിനും ജനുവരിക്കും ഇടയിൽ മാത്രം നിരോധനം? വർഷം മുഴുവൻ അന്തരീക്ഷ മലിനീകരണം അനുഭവപ്പെടുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഏതാനും മാസങ്ങളിൽ മാത്രം നിയന്ത്രണമേർപ്പെടുത്തുന്നത്?, കോടതി ചോദിച്ചു.
പടക്കങ്ങൾക്ക് നിലവിൽ ഏർപ്പെടുത്തിയ നിരോധനം നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയ ഡൽഹി സർക്കാരിനേയും പോലീസിനേയും കോടതി രൂക്ഷമായി വിമർശിച്ചു. ഡൽഹിയിൽ ഉത്സവകാലത്തും മലിനീകരണം രൂക്ഷമാകുന്ന മാസങ്ങളിലുമാണ് നിലവിലുള്ള നിയന്ത്രണ ഉത്തരവിൽ ശ്രദ്ധ ചെലുത്താനാവശ്യപ്പെടുന്നതെന്ന് സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. എന്നാൽ സോളിസിറ്ററിന്റെ വാദത്തിൽ തൃപ്തരാകാത്ത ബെഞ്ച് സ്ഥിരമായ വിലക്കെന്ന നിർദേശം മുന്നോട്ടുവെച്ചു.
പടക്കങ്ങളുടെ നിർമാണവും വിൽപനയും നിരോധിച്ചതിനോടൊപ്പം വിവാഹം, തിരഞ്ഞെടുപ്പ് തുടങ്ങിയ പരിപാടികൾക്ക് ഇളവ് അനുവദിച്ചുകൊണ്ട് ഒക്ടോബർ 14-ന് ഡൽഹി സർക്കാർ പുറത്തിറക്കിയ ഉത്തരവും കോടതി സൂക്ഷ്മായി പരിശോധിച്ചു. വിവാഹങ്ങൾക്കും തിരഞ്ഞെടുപ്പുകൾക്കും പടക്കം പൊട്ടിക്കാമെന്ന് സർക്കാർ ഉത്തരവിൽ പറഞ്ഞിട്ടുണ്ടോയെന്നും ആരെല്ലാമാണ് ഇത് നടപ്പാക്കുന്നതെന്നും കോടതി ചോദിച്ചു. സമ്പൂർണ നിരോധനം നിലനിൽക്കേ പടക്കവിൽപനയ്ക്ക് ലൈസൻസ് നൽകരുതെന്ന് പറഞ്ഞ കോടതി, നിർമാണവും വിൽപനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഡൽഹി പോലീസ് കമ്മിഷണർക്ക് നിർദേശം നൽകുകയും ചെയ്തു.
നവംബർ 25-ന് മുൻപ്, ഒരു വർഷത്തേയ്ക്ക് പടക്കങ്ങൾ പൂർണമായി നിരോധിക്കുന്നത് സംബന്ധിച്ച കാര്യം പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. മതപരമായ ഉത്സവങ്ങളും വിവാഹങ്ങളും മറ്റ് ഘടകങ്ങളും കാരണം ശാശ്വത വിലക്ക് ഏർപ്പെടുത്തരുതെന്ന് പലയിടത്തുനിന്നും ആവശ്യമുയരുന്നതിനാൽ ബന്ധപ്പെട്ടവരുമായി ആലോചിക്കേണ്ടിവരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
നിരോധനം നടപ്പാക്കേണ്ടത് പോലീസാണെന്ന് ഡൽഹി സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ ജ്യോതി മെൻദിരട്ട കോടതിയെ അറിയിച്ചതിന് പിന്നാലെ, ദസറ കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം ഒക്ടോബർ 14 ന് മാത്രമാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ (എഎസ്ജി) ഐശ്വര്യ ഭാട്ടി പറഞ്ഞു. ഈ സമയം, പടക്ക ലൈസൻസുകൾ ഇതിനകം നൽകുകയും ആളുകൾ പടക്കം സ്റ്റോക്ക് ചെയ്യുകയും ചെയ്തു, ഭാട്ടി വിശദീകരിച്ചു.