തൃശ്ശൂർ: 63 കാരനെ ഹണിട്രാപ്പിൽപ്പെടുത്തി ദമ്പതിമാർ രണ്ടരക്കോടി രൂപ കവർന്നു. തൃശ്ശൂരിലെ വ്യാപാരിയിൽനിന്നാണ് ദമ്പതികൾ പണം കവർന്നത്. സംഭവത്തിൽ കൊല്ലം സ്വദേശികളായ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കൊല്ലക ഒറ്റയിൽ പടീറ്റതിൽ വീട്ടിൽ ഷെമി (ഫാബി-38), ഭർത്താവ് കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള തട്ടുവിള പുത്തൻവീട്ടിൽ സോജൻ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് നാല് ആഡംബര കാറുകളും 82 പവൻ സ്വർണവും തൃശ്ശൂർ സിറ്റി പോലീസിന്റെ പ്രത്യേക സംഘം കണ്ടെടുത്തു.
2020-ലാണ് സംഭവത്തിനു തുടക്കം. തൃശൂരിലെ 63-കാരനായ വ്യാപാരിയുമായി ഷെമി പരിചയത്തിലായത് ഇക്കാലഘട്ടത്തിലാണ്. എറണാകുളത്തുള്ള ഹോസ്റ്റലിൽ താമസിക്കുന്ന 23 വയസുള്ള യുവതിയാണെന്നു പറഞ്ഞാണ് സൗഹൃദമുണ്ടാക്കിയത്. വാട്ട്സ്‌ആപ്പിലൂടെ സന്ദേശമയച്ചായിരുന്നു തുടക്കം. പിന്നീട് വ്യക്തിപരമായ അടുപ്പത്തിലെത്തി. ആദ്യം ഫീസിനും മറ്റ് ചെറിയ ആവശ്യങ്ങൾക്കുമായി വ്യാപാരിയിൽനിന്ന് ഷെമി ചെറിയ രീതിയിൽ പണം കടം വാങ്ങി. പിന്നീട് ലൈംഗികച്ചുവയുള്ള സന്ദേശങ്ങളയച്ചും വീഡിയോകോളുകളിലൂടെ നഗ്നശരീരം കാണിച്ചും വ്യാപാരിയെ കെണിയിൽ വീഴ്ത്തി. പിന്നീട് ഇരുവരും തമ്മിലുള്ള ചാറ്റുകളും വീഡിയോകളും പുറത്തുവിടുമെന്നുപറഞ്ഞ് വ്യാപാരിയെ ഭീഷണിപ്പെടുത്തി വലിയ തുക കൈപ്പറ്റാൻ തുടങ്ങി.
കൈയിലുള്ള പണം തീർന്ന വ്യാപാരി ഭാര്യയുടെയും ഭാര്യാമാതാവിന്റെയും പേരിലുള്ള ബാങ്കിലെ സ്ഥിരനിക്ഷേപം പിൻവലിച്ചും ഭാര്യയുടെ സ്വർണാഭരണങ്ങൾ പണയംവെച്ചും രണ്ടരക്കോടിയോളം രൂപ ഷെമി പറഞ്ഞ അക്കൗണ്ടുകളിലേക്ക് ഇട്ടു. യുവതി വീണ്ടും ഭീഷണിപ്പെടുത്തിയതോടെ പണം നൽകാൻ വഴിയില്ലാതെ വന്ന വ്യാപാരി പരാതിപ്പെടുകയായിരുന്നു.
പ്രതിയുടെയും വ്യാപാരിയുടെയും ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ അന്വേഷിച്ചും സൈബർ തെളിവുകൾ ശേഖരിച്ചും പോലീസ് അന്വേഷണം തുടർന്നു. പ്രതികൾ കൊല്ലം ജില്ലയിലെ അഷ്ടമുടിമുക്കിൽ ദമ്പതിമാരായി ആഡംബരമായി ജീവിച്ചുവരികയാണെന്ന് കണ്ടെത്തി.
പോലീസ് അന്വേഷണത്തെപ്പറ്റി അറിഞ്ഞ് പ്രതികൾ വയനാട്ടിലേക്ക് മുങ്ങി. പോലീസ്‌സംഘം പോകുന്ന വിവരമറിഞ്ഞ് അവിടെ നിന്നും കടന്നു. ഇവരുടെ നീക്കം കൃത്യമായി നിരീക്ഷിച്ച പോലീസ് അങ്കമാലിയിൽവച്ചാണ് ഇരുവരെയും അറസ്റ്റുചെയ്തത്. കൈപ്പറ്റിയ പണം കൊണ്ട് സമ്പാദിച്ച സ്വർണാഭരങ്ങളും വാഹനങ്ങളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.