ന്യൂഡൽഹി: രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ന് തുടക്കം. ദേശീയ തലസ്ഥാനത്ത് വിപുലമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഡൽഹിയിലെ ചെങ്കോട്ടയിൽ രാവിലെ 7.30ഓടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തും. പതാക ഉയർത്തുന്നതിന് പിന്നാലെ 21 ആചാരവെടികൾ മുഴക്കും.
ദേശീയപതാകയേന്തിയ എം.ഐ-17 വ്യോമസേനാ ഹെലികോപ്റ്ററുകൾ ചെങ്കോട്ടയ്ക്ക് മുകളിലൂടെ പുഷ്പവൃഷ്ടി നടത്തും. തുടർന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകും. പിന്നാലെ ദേശീയഗീതവും ദേശീയഗാനവും ആലപിക്കും.
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഇന്ന് ചെങ്കോട്ടയിൽ ‘വന്ദേ മാതരം’ ആലപിക്കുമെന്നാണ് പ്രത്യേകത. പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം 22 ഇന്ത്യൻ ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഭാഷിണി എ.ഐ. സാങ്കേതികവിദ്യയും ഉപയോഗിക്കും.
ചെങ്കോട്ടയിലെത്തുന്ന അതിഥികൾക്കുള്ള ഇരിപ്പിട മേഖലകൾക്ക് ഇത്തവണ ഇന്ത്യയിലെ വിവിധ കായലുകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്. രാജ്യത്തിന്റെ വൈവിധ്യവും സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സെൻട്രൽ സ്റ്റേഡിയത്തിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തും. വിവിധ ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ പതാക ഉയർത്തൽ ചടങ്ങുകൾ നടക്കും.
അതേസമയം, സർക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിന ചടങ്ങുകളിലും സംസ്ഥാനത്തെ സ്കൂളുകളിലും ‘വന്ദേ മാതരം’ ആലപിക്കില്ല. രാജ്യത്തിന്റെ 80ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെയാണ് സംസ്ഥാനത്തും ആചരിക്കുന്നത്.




