ഹൈദരാബാദ്: തെലങ്കാനയിൽ 13 വയസ്സുള്ള ഒരു പെൺകുട്ടിയെ 40 കാരനായ വിവാഹിതൻ രണ്ടാം വിവാഹം ചെയ്തു. സംഭവത്തിൽ ആക്ടിവിസ്റ്റുകളും മനുഷ്യാവകാശ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. എട്ടാം ക്ലാസ് വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ ഒരു അധ്യാപകനാണ് പൊലീസിൽ വിവരം അറിയിച്ചത്.
ഹൈദരാബാദിൽ നിന്ന് 55 കിലോമീറ്റർ അകലെയുള്ള നന്ദിഗമയിലാണ് സംഭവം. 40കാരനായ വരൻ, ഭാര്യ, പുരോഹിതൻ, ഇടനിലക്കാരൻ എന്നിവർക്കെതിരെ പൊലീസ് കുറ്റം ചുമത്തി. വിവാഹത്തിന്റെ വീഡിയോ പ്രചരിച്ചു. വിവാഹ ചടങ്ങിൽ ഇയാളുടെ ആദ്യത്തെ ഭാര്യയും പങ്കെടുത്തു.
ഇന്ത്യയിൽ കുട്ടികൾക്കെതിരെ നടക്കുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഒന്നാണ് ശൈശവ വിവാഹം. കൈലാഷ് സത്യാർത്ഥി ചിൽഡ്രൻസ് ഫൗണ്ടേഷന്റെ റിപ്പോർട്ട് അനുസരിച്ച്, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം നിലവിലുണ്ടെങ്കിലും പല സംസ്ഥാനങ്ങളിലും ഇപ്പോഴും ശൈശവിവാഹം വ്യാപകമാണ്. ശൈശവ വിവാഹം അവസാനിപ്പിക്കുന്നതിനുള്ള പ്രചാരണം വളരെയധികം വിജയിച്ച സംസ്ഥാനങ്ങളിലൊന്നാണ് അസം. 2021-22 നും 2023-24 നും ഇടയിൽ അസമിലെ 20 ജില്ലകളിലായി ശൈശവ വിവാഹ കേസുകളിൽ 81 ശതമാനം കുറവുണ്ടായതായി ഇന്ത്യ ചൈൽഡ് പ്രൊട്ടക്ഷന്റെ 2024 ജൂലൈയിലെ റിപ്പോർട്ട് പറയുന്നു.