കൊല്ലം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നു.
ഇന്നു രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് കുട്ടി വീഴുകയായിരുന്നു. താഴെ വീഴാതിരിക്കാൻ കുട്ടി സമീപത്തുകൂടി പോകുന്ന വൈദ്യുത ലൈനിൻ പിടിച്ചതോടെ ഷോക്കേൽക്കുകയായിരുന്നു.
ഇതിനിടെ സംഭവമറിഞ്ഞെത്തിയ അധ്യാപകർ ഓടിയെത്തി അകലെയുള്ള ട്രാൻസ്ഫോർമറിൻ്റെ ഫ്യൂസ് ഊരി രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും നടന്നില്ല. തേവലക്കര കെഎസ്ഇബി ഉദ്യോഗസ്ഥരും പെട്ടെന്ന് നടപടികൾ നീക്കി ഫീഡർ ഓഫ് ചെയ്തു. അധ്യാപകർ മുകളിൽ കയറി മിഥുനെ താഴെയിറക്കി ശാസ്താംകോട്ട താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: മനോജ്, മാതാവ്: സുജി (ഗൾഫ്), സഹോദരൻ: സുജിൻ. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറോടാട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി റിപ്പോർട്ട് തേടി.