തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവുമായി ബന്ധപ്പെട്ടുയർന്ന അഭിപ്രായ ഭിന്നതകൾക്കൊടുവിൽ സമ്മർദത്തിന് വഴങ്ങി മുഖ്യമന്ത്രി വി ഡി സതീശന്‍. കേരളത്തിൽ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നതിൽ അന്തിമ തീരുമാനം യുഡിഎഫ് എടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. തീരുമാനിച്ചത് നികുതി ഘടനമാത്രമെന്നും വിൽപനയിൽ അന്തിമ തീരുമാനം യുഡിഎഫ് ചര്‍ച്ച ചെയ്ത് എടുക്കുമെന്നുമാണ് വി ഡി സതീശന്‍റെ വിശദീകരണം. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ വിൽപന നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചാൽ ഈ നികുതി ഘടന നിലവിൽ വരും. യുഡിഎഫ് വേണ്ട എന്ന് തീരുമാനിച്ചാല്‍ മുന്നോട്ട് പോകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യം വിൽക്കാനുള്ള നടപടികളെല്ലാം തുടങ്ങിയത് എൽഡിഎഫിന്റെ കാലത്താണെന്നും വി ഡി സതീശൻ സഭയില്‍ പറഞ്ഞു. ബക്കാർഡി കമ്പനിയുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി പരിഹസിച്ച് തള്ളി.
വിമര്‍ശനങ്ങള്‍ക്ക് മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. അപേക്ഷകൾ ആദ്യം പരിഗണിച്ചത് പിണറായി സർക്കാരിന്റെ കാലത്താണ്. ആരാണ് ബക്കാഡി കമ്പനിയുമായി സംസാരിച്ചത്. എം വി ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് ബക്കാർഡി കമ്പനിക്കായി വിദേശ മദ്യ നയത്തിൽ ഭേദഗതി വരുത്തിയത് എൽഡിഎഫാണെന്നും സതീശന്‍ വിമര്‍ശിച്ചു. ടാക്സ് നിശ്ചയിക്കുന്ന നടപടികൾ വേഗത്തിൽ തന്നെയാണ് നടക്കാറുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വീര്യം കുറഞ്ഞ മദ്യം നിശ്ചയിച്ചത് നിങ്ങളാണ്. ഞങ്ങൾ നികുതി നിരക്ക് നിശ്ചയിച്ചു എന്ന് മാത്രമെന്നാണ് മുഖ്യമന്ത്രി വീശദീകരണം.
മദ്യനയം തീരുമാനിക്കേണ്ടത് രാഷ്ട്രീയ തീരുമാനമാണ്. ഇത് യുഡിഎഫിൽ എല്ലാവരുമായും സംസാരിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ദൈനംദിന ഭരണത്തില്‍ കെപിസിസി ഓഫീസ് ഇടപെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മന്ത്രിയും ഫയലും ചുമന്ന് കെപിസിസി ഓഫീസില്‍ പോകാറില്ല. മുഖ്യമന്ത്രി അറിയാതെ ഫയൽ അടിച്ചുമാറ്റി പാർട്ടി ഓഫീസിൽ കൊണ്ടുപോകുന്ന പതിവൊന്നും ഈ സർക്കാരിൽ ഉണ്ടാവില്ലെന്ന് പരിഹസിച്ച മുഖ്യമന്ത്രി, നയപരമായി തീരുമാനം ഘടകകക്ഷികളോട് ആലോചിച്ച് മാത്രമായിരിക്കുമെന്നും വ്യക്തമാക്കി.

















































