ന്യൂഡൽഹി: യുഎസ് പ്രസിഡന്റായി വീണ്ടും ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ട്രംപിന്‍റെ സ്ഥാനാരോഹണ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കുമെന്നും മന്ത്രാലയം അറിയിച്ചു. ജനുവരി 20 നാണു ട്രംപിന്റെ സത്യപ്രതിജ്ഞ.
അമേരിക്കൻ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഥാനാരോഹണ ചടങ്ങ് ആരംഭിക്കുക. കാപിറ്റോൾ മന്ദിരത്തിൽ വെച്ച് നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങ് യുഎസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് നയിക്കുക. സത്യപ്രതിജ്ഞയ്ക്ക് ശേഷം ട്രംപ് രാജ്യത്തെ അഭിസംബോധന ചെയ്യും.
യുഎസ് സന്ദർശന വേളയിൽ, ട്രംപ് ഭരണകൂടത്തിലെ പ്രതിനിധികളുമായും മറ്റു പ്രമുഖരുമായും ജയശങ്കർ കൂടിക്കാഴ്ച നടത്തും.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങിൽ പങ്കെടുക്കും. 2020ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ട്രംപ് ബൈഡന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. ജോ ബൈഡന് അധികാരം കൈമാറാതിരുന്ന ട്രംപിന്‍റെ നടപടി വലിയ വിവാദങ്ങൾക്കും സംഘർഷത്തിനുമൊക്കെ വഴിയൊരുക്കിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ചപ്പോൾ തന്നെ ട്രംപ് തന്നോട് കാണിച്ചതു പോലെ താൻ തിരികെ കാണിക്കില്ലെന്നും ചടങ്ങിൽ പങ്കെടുക്കുമെന്നും ബൈഡൻ പറഞ്ഞിരുന്നു.
ഉദ്ഘാടന ചടങ്ങിലേക്ക് ഒട്ടേറെ ലോകനേതാക്കളെ ട്രംപ് ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം. അർജന്റീന പ്രസിഡന്റ് ഹാവിയർ മിലൈയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ചടങ്ങിൽ പങ്കെടുക്കാൻ സമ്മതിച്ചതായാണു വിവരം. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിനെ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
അമേരിക്കയുമായി പലപ്പോഴും വാക്പോരിലേർപ്പെടാറുള്ള ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗെ ചടങ്ങിലേക്ക് ക്ഷണിച്ചതാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചൈനിസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ തന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ട്രംപ് ക്ഷണിച്ചതായും അദ്ദേഹം അത് അംഗീകരിച്ചേക്കുമെന്നാണ് സൂചനയെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളിൽ ഒരാളായ കമ്മ്യൂണിസ്റ്റ് നേതാവിന് നൽകിയ അസാധാരണമായ അപൂർവമായ ഓഫറായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ട്രംപിന്‍റെ ക്ഷണം സ്വീകരിച്ച് ചൈനീസ് കമ്യൂണിസ്റ്റ് നേതാവ് എത്തിയാൽ അതൊരു ചരിത്ര സംഭവമായിരിക്കും. ഇക്കാര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥിരീകരണമാകും.