പാറ്റ്‌ന: വോട്ട് അധികാര്‍യാത്രയുമായി രാഹുല്‍ഗാന്ധി ബീഹാറില്‍ ഉടനീളം സഞ്ചരിക്കുകയും മോദിസര്‍ക്കാരിനെതിരേ വലിയ പ്രചരണം നടത്തുകയും ചെയ്യുമ്പോള്‍ അനേകം നേതാക്കളാണ് രാഹുലിനൊപ്പം സഞ്ചരിക്കാനും പ്രചരണത്തിനുമായി എത്തുന്നത്. എന്നാല്‍ കഴിഞ്ഞദിവസം എത്തിയ ഡിഎംകെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്റെ നാക്കുപിഴ വലിയ ട്രോളിനിരയായി.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ബീഹാറില്‍ നടന്ന ഒരു റാലിയില്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ ‘രാജീവ് ഗാന്ധി’ എന്ന് അഭിസംബോധന ചെയ്തത് പ്രതിപക്ഷ പാര്‍ട്ടികള്‍ പരിഹാസത്തിനുള്ള അവസരമാക്കി. ബിജെപിയും തമിഴ് സൂപ്പര്‍താരം വിജയ് യുടെ പാര്‍ട്ടിയായ ടിവികെയും അബദ്ധം ആഘോഷമാക്കി. കോണ്‍ഗ്രസ് നയിക്കുന്ന ഇന്‍ഡ്യ മുന്നണി സംഘടിപ്പിച്ച ‘വോട്ട് അധികാര്‍’ റാലിയില്‍ സംസാരിക്കുമ്പോഴായിരുന്നു സ്റ്റാലിന്റെ നാവുപിഴ. സ്റ്റാലിന്‍ തന്റെ പ്രസംഗം തുടങ്ങുന്നത് ‘വോട്ട് അധികാര്‍’ റാലിയുടെ സംഘാടകരില്‍ ഒരാളായ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്തുകൊണ്ടാണ്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ‘രാഹുല്‍ ഗാന്ധി’ക്ക് പകരം ‘രാജീവ് ഗാന്ധി’ എന്ന് പരാമര്‍ശിച്ചു.
ഈ അബദ്ധം ശ്രദ്ധയില്‍പ്പെട്ട ഡിഎംകെ അത് തിരുത്തി. പാര്‍ട്ടിയിലെ സാങ്കേതിക വിദഗ്ദ്ധര്‍ ആ ഭാഗത്ത് ‘രാഹുല്‍ ഗാന്ധി’ എന്ന് ചേര്‍ത്ത് എഡിറ്റ് ചെയ്താണ് വീഡിയോ പുറത്തുവിട്ടത്. എഡിറ്റ് ചെയ്ത വീഡിയോ എം.കെ. സ്റ്റാലിന്റെ യൂട്യൂബ് ചാനലില്‍ ലഭ്യമാണ്. എന്നാല്‍, ഈ പാച്ച് ബിജെപിക്കും ടിവികെയ്ക്കും കൂടുതല്‍ ആയുധം നല്‍കി. ബിജെപിയുടെ മുന്‍ തമിഴ്‌നാട് അധ്യക്ഷനും ഡിഎംകെയുടെ ശക്തനായ വിമര്‍ശകനുമായ കെ. അണ്ണാമലൈ, സ്റ്റാലിനെയും അദ്ദേഹത്തിന്റെ ‘ഒട്ടിച്ചേര്‍ത്ത സര്‍ക്കാരിനെയും’ എക്‌സില്‍ പരിഹസിച്ചു.
അദ്ദേഹം ഒറിജിനല്‍ വീഡിയോയും എഡിറ്റ് ചെയ്ത വീഡിയോയും താരതമ്യം ചെയ്തുകൊണ്ടുള്ള വീഡിയോ പോസ്റ്റ് ചെയ്തു. പിന്നാലെ സ്റ്റാലിന്റെ റാലിയിലെ പങ്കാളിത്തം രാഷ്ട്രീയമായ വിമര്‍ശനങ്ങള്‍ക്കും കാരണമായി. രാഹുല്‍ ഗാന്ധി, സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് എന്നിവരുടെ ഒരു ചിത്രം ബിജെപി വിമര്‍ശനത്തിന് ഉപയോഗിച്ചു. ഈ മൂന്ന് നേതാക്കളും രാഷ്ട്രീയമായി ശക്തമായ കുടുംബങ്ങളില്‍ നിന്ന് വന്നവരാണെന്ന് സൂചിപ്പിച്ചുകൊണ്ട് ബിജെപി അവരെ ‘പ്രതീക്ഷയില്ലാത്ത, ഒത്തുപോകാത്ത രാജവംശങ്ങള്‍’ എന്ന് വിശേഷിപ്പിച്ചു.
നേരത്തെ, ബിഹാര്‍ സ്വദേശികളെക്കുറിച്ച് ഡിഎംകെ നേതാക്കള്‍ നടത്തിയ മോശം പരാമര്‍ശങ്ങളും ബിജെപി ഉയര്‍ത്തിക്കാട്ടി. ‘അദ്ദേഹത്തിന്റെ ബിഹാര്‍ സന്ദര്‍ശനം വെറും രാഷ്ട്രീയ നാടകമാണ്, ബിഹാറികളോട് അദ്ദേഹത്തിന്റെ പാര്‍ട്ടി കാണിച്ച ആഴത്തിലുള്ള വെറുപ്പ് മറച്ചുവെക്കാനുള്ള ഒരു ശ്രമം മാത്രമാണിത്,’ എന്നും ബിജെപി പ്രസ്താവിച്ചു.