മലപ്പുറം: തിരൂർ ബിപി അങ്ങാടിയിൽ നേർച്ചയ്ക്കിടെ ആനയിടഞ്ഞു. 17 പേർക്ക് സാരമായ പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. രാത്രി 12.30 ഓടെയായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരാളെ തുമ്പിക്കൈയിൽ തൂക്കിയെടുത്ത് ജനത്തിന് ഇടയിലേക്ക് എറിഞ്ഞു. രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ഇതിൽ ആന തുമ്പിക്കൈ കൊണ്ട് ചുഴറ്റിയെറിഞ്ഞയാൾ ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ആണ്. മാറ്റൊരാൾക്ക് വാരിയെല്ലിനാണ് പരുക്കേറ്റത്. ഇയാൾ തിരൂരിൽ ആശുപത്രിയിൽ ചികിത്സയിലാണ്. നേർച്ചയുടെ സമാപനദിവസമായ ബുധനാഴ്ച, പെട്ടിവരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആനയിടഞ്ഞത്. ആന ഓടുന്നത് ഒഴിവാക്കാൻ പാപ്പാന് കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി.
ആന ഇടഞ്ഞത് കണ്ട് ഓടിയതിനിടെയാണ് കൂടുതൽ പേർക്കും പരുക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ ശേഷം മടങ്ങി. നാല് ദിവസമായാണ് ആണ്ട് നേർച്ച നടക്കുന്നത്. നിയമങ്ങൾക്കനുസൃതമായാണ് ആന പരിപാടിയിൽ പങ്കെടുപ്പിച്ചത്. എട്ടോളം ആനകളെയാണ് പരിപാടിയിൽ പങ്കെടുത്തത്. പുലർച്ചെ രണ്ട് മണിയോടെ ആനയെ തളച്ചു.















































