ന്യൂഡൽഹി: യുസ്‌വേന്ദ്ര ചാഹലിൽനിന്ന് വിവാഹമോചനം നേടിയ ധനശ്രീ വര്‍മയ്‌ക്കെതിരെ സാമൂഹികമാധ്യമങ്ങളില്‍ അധിക്ഷേപവര്‍ഷം. വിവാഹമോചനത്തെത്തുടര്‍ന്നുള്ള ജീവനാംശം സ്വീകരിക്കുന്നതിനെച്ചൊല്ലിയാണ് വിമര്‍ശനം. 4.75 കോടി രൂപയാണ് വിവാഹമോചനത്തിലെ ധാരണപ്രകാരം ധനശ്രീ വര്‍മയ്ക്ക് ചാഹല്‍ നല്‍കേണ്ടത്.
വിവാഹമോചനത്തിന് പിന്നാലെ തന്റെ പുതിയ മ്യൂസിക് വീഡിയോയുടെ പ്രമോഷൻെറ ഭാഗമായി ഒരു പോസ്റ്റ് ധനശ്രീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ കമന്റ് ബോക്‌സിലാണ് അധിക്ഷേപം ഏറെയും. മാഡം, അക്കൗണ്ടില്‍ 4.75 കോടി ക്രെഡിറ്റ് ആയോ, ദുരന്തത്തെ അവസരമാക്കി മാറ്റി, മറ്റുള്ളവരുടെ കാശിന് വീഡിയോ നിര്‍മിക്കുന്നു എന്നീ കമന്റുകളാണ് ഇതില്‍ ചിലത്. സ്ത്രീധനം ചോദിക്കുന്നത് കുറ്റമാണെങ്കില്‍ ജീവനാംശവും കുറ്റകരമാക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു.
ധനശ്രീ വര്‍മയെ നടി സാമന്തയുമായി താരതമ്യം ചെയ്തും പ്രചാരണം നടക്കുന്നുണ്ട്. വിവാഹമോചനത്തിന് പിന്നാലെ ജീവനാംശമായി നാഗചൈതന്യയും കുടുംബവും നല്‍കാനിരുന്ന 200 കോടി രൂപ വേണ്ടെന്ന് സാമന്ത തീരുമാനിച്ചിരുന്നു. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും അതിനാല്‍ പണം സ്വീകരിക്കാനാവില്ലെന്നും സാമന്ത പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സാമന്ത ജീവനാശം നിരസിച്ചതുമായി താരതമ്യപ്പെടുത്തിയാണ് ധനശ്രീ വര്‍മയ്‌ക്കെതിരായ പ്രചാരണം.
ധനശ്രീയുടെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ വന്ന കമന്റുകള്‍
വിവാഹമോചന ധാരണപ്രകാരം 4.75 കോടി രൂപ ധനശ്രീക്ക് ചാഹല്‍ നല്‍കാനാണ് ധാരണയായത്. ഇതില്‍ 2.37 കോടി കൊടുത്തുകഴിഞ്ഞതായാണ് വിവരം. 2020-ല്‍ വിവാഹിതരായ 18 മാസത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. പിന്നാലെ കോടതിയില്‍ പരസ്പരധാരണയോടെ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയും വ്യാഴാഴ്ച കോടതി അനുവദിക്കുകയും ചെയ്തു.