കോട്ടയം: മാണിക്കുന്നത്ത് യുവാവിനെ മുൻ നഗരസഭ അംഗവും മകനും ചേർന്ന് കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം താന്നിക്കൽ ഹൗസിൽ ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം.
വികെ അനിൽകുമാറും മകൻ അഭിജിത്തും ചേർന്നാണ് യുവാവിനെ കുത്തിക്കൊന്നത്. അനിൽകുമാറിന്റെ മകൻ കഞ്ചാവ്, അടിപിടി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശും ലഹരി കേസുകളിൽ പ്രതിയാണ്. മരിച്ച ആദർശിന് അഭിജിത്ത് പണം നൽകാനുണ്ട്. എംഡിഎംഎ കൈമാറിയതിനും വാഹനം പണയം വെച്ചതിന്റെയും പണമാണ് നൽകാനുള്ളത്.
തുടർന്ന് ഇന്നലെ അർദ്ധരാത്രിയോടെ ആദർശും സുഹൃത്ത് റോബിനും അനിൽകുമാറിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നു. ബോധരഹിതനായ ആദർശിനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അനിൽകുമാറിൻ്റെ മകനെതിരെ നേരത്തേയും സാമ്പത്തിക ആരോപണം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

















































