കോഴിക്കോട്: ലൈംഗികാരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് വീഡിയോ ചിത്രീകരിച്ച യുവതി. പയ്യന്നൂരിൽ രക്തദാനത്തിന് പോകുന്ന വഴിയിൽ പയ്യന്നൂരിൽ വച്ചാണ് സംഭവം ഉണ്ടായതെന്നും ആരോപണ വിധേയനായ ആൾ മറ്റൊരു യുവതിക്കു സമീപം മോശം രീതിയിൽ പെരുമാറുന്നതായി കണ്ടെന്നും തുടർന്ന് തന്റെ സമീപമെത്തിയപ്പോൾ വീഡിയോ ചിത്രീകരിക്കുക ആയിരുന്നുവെന്നും യുവതി ഒരു ടിവി ചാനലിനോട് വിശദീകരിച്ചു.
തന്റെ അടുത്തും ഇത്തരത്തിൽ പെരുമാറുന്നതായി തോന്നിയതോടെ ‘എന്താ ചേട്ടാ ഉദ്ദേശം’ എന്നു ചോദിച്ചു, അതോടെ അയാൾ വേഗം നടന്നു പോകുകയായിരുന്നുവെന്നും യുവതി പറഞ്ഞു. വീഡിയോ ചിത്രീകരിച്ച ശേഷം വടകര പൊലീസ് സ്റ്റേഷനിൽ പരിചയമുള്ള ഒരാളെ ഇതറിയിച്ചെന്നും സമൂഹമാധ്യമത്തിൽ വീഡിയോ ഇടുന്ന വിവരം സൂചിപ്പിച്ചെന്നും യുവതി വ്യക്തമാക്കി.
അതേസമയം യുവാവ് ജീവനൊടുക്കിയ വിവരം അറിയിച്ചപ്പോൾ അത് ദുഃഖകരമായിപ്പോയെന്നും അത് പ്രതീക്ഷിച്ചില്ലെന്നുമാണ് യുവതി പ്രതികരിച്ചത്. അതേസമയം പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.
ബസിൽ വച്ച് അപമര്യാദയായി പെരുമാറിയെന്ന തരത്തിൽ വീഡിയോയെടുത്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക്(42) ആണ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടിൽ ദീപക്കിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
എന്നാൽ വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു.
ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പോലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. രാവിലെ മുറി തുറക്കാത്തതിനെ തുടർന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.















































