തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന് ക്യാപിറ്റൽ പണിഷ്മെന്റ് നൽകണമെന്ന് തിരുവനന്തപുരം സമ്മേളനത്തിൽ ഒരു യുവനേതാവ് പറഞ്ഞകാര്യം വെളിപ്പെടുത്തി സിപിഎം നേതാവ് പിരപ്പൻകോടി മുരളി രംഗത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്. ഇതിനെ പാർട്ടി തള്ളിക്കളയുകയും ചെയ്തു. എന്നാൽ, എം സ്വരാജിന്റെ പേരാണ് വിഷയത്തിൽ സജീവമായി ചർച്ചയാകുന്നത്. ഇപ്പോഴിതാ മറ്റൊരു പെൺകുട്ടിയും വിഎസിന് അധിക്ഷേപിച്ചു എന്ന് വെളിപ്പെടുത്തുകയാണ് മുതിർന്ന സിപിഎം നേതാവ് സുരേഷ് കുറുപ്പ്.
ഒരു കാലത്ത് വിഎസ് പക്ഷത്തിന്റെ ശക്തനായ നേതാവായിരുന്നു സുരേഷ് കുറുപ്പ്. അദ്ദേഹമാണ് പിരപ്പൻകോട് മുരളിക്ക് പിന്നാലെ ഇപ്പോൾ അന്ന് വിഎസിന് അധിക്ഷേപിക്കാൻ നടന്ന അവസ്ഥകളെ കുറിച്ച് വെളിപ്പെടുത്തിയത്. വിഎസ് അച്യുതാനന്ദന്റെ മരണശേഷം പാർട്ടിയെ പ്രതിരോധത്തിലാക്കി ഉയർന്ന ആക്ഷേപങ്ങളിൽ ഒന്നായിരുന്നു വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന ആവശ്യം സംസ്ഥാന സമ്മേളനത്തിൽ ഉയർന്നിരുന്നുവെന്നത്. മുരളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സുരേഷ് കുറുപ്പും വിവാദത്തിന് ശക്തി പകരുകയാണ്.
മുരളി ഉയർത്തിയ അതേ ആരോപണമാണ് പാർട്ടിയുടെ എംപിയും എംഎൽഎയുമായിരുന്ന സുരേഷ് കുറുപ്പും ആവർത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം സമ്മേളനത്തിൽ ഉയർന്ന ക്യാപിറ്റൽ പണിഷ്‌മെന്റ് വിവാദം മൂന്നുവർഷങ്ങൾക്കിപ്പുറം നടന്ന ആലപ്പുഴ സമ്മേളനത്തിലും ആവർത്തിച്ചുവെന്നാണ് സുരേഷ് കുറുപ്പ് എഴുതുന്നത്.
ക്യാപിറ്റൽ പണിഷ്‌മെന്റ് ആരോപണങ്ങൾ എം. സ്വരാജിനു നേർക്കാണ് പ്രധാനമായും ഉയർന്നു കേട്ടിരുന്നതെങ്കിൽ, സുരേഷ് കുറുപ്പ് മാതൃഭൂമി പത്രത്തിന്റെ ഞായറാഴ്ച്ച പതിപ്പിൽ എഴുതിയ വിഎസ് അനുസ്മരണത്തിൽ പുതിയൊരു വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. ആലപ്പുഴയിൽ നടന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിൽ ഒരു പെൺകുട്ടിയാണ് വിഎസിനെതിരേ ക്യാപിറ്റൽ പണിഷ്‌മെന്റ് വേണമെന്ന് ആവശ്യപ്പെട്ടതെന്നാണ് കുറുപ്പ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്;
‘ഒറ്റപ്പെട്ടപ്പോഴും അദ്ദേഹം പോരാട്ടം തുടർന്നു കൊണ്ടേയിരുന്നു. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്നായിരുന്നു വിഎസ് നയം എപ്പോഴും. അദ്ദേഹത്തിന്റെ കൊച്ചു മക്കളുടെ പ്രായമുള്ളവർ സമ്മേളനങ്ങളിൽ അദ്ദേഹത്തിനെതിരേ നിലവിട്ട ആക്ഷേപങ്ങൾ ഉന്നയിച്ചു. അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ ഒരു കൊച്ചു പെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്ന് പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദിവിട്ട് പുറത്തിറങ്ങി. ഏകനായി ദുഖിതനായി, പക്ഷേ തലകുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ, അദ്ദേഹം സമ്മേളന സ്ഥലത്ത് നിന്നും വീട്ടിലേക്ക് പോയി. ഇങ്ങനെയൊക്കെ ആയിട്ടും അദ്ദേഹം പാർട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ല’.
മലപ്പുറം സമ്മേളനത്തിന് പിന്നാലെ വിഎസ് പാർട്ടിയിൽ കൂടുതൽ ഒറ്റപ്പെട്ടുവെന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന ഭൂരിപക്ഷം യുവജന നേതാക്കന്മാരും വിഎസിനെ ഉപേക്ഷിച്ചുവെന്നും സുരേഷ് കുറുപ്പ് ലേഖനത്തിൽ പറയുന്നുണ്ട്. സുരേഷ് കുറുപ്പ് അക്കാര്യങ്ങൾ പറയുന്നതിങ്ങനെയാണ്; ‘ ഇതിനകം അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഭൂരിപക്ഷം യുവജന നേതാക്കന്മാരും അദ്ദേഹത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. മലപ്പുറം സമ്മേളനത്തിൽ സുർജിത്തും പ്രകാശ് കാരാട്ടും മത്സരിക്കരുതെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും വിഎസിന്റെ പിന്തുണയുള്ള പാനൽ മത്സരിച്ചു.
പരാജയം ഏറ്റുവാങ്ങി. പിന്നീടുള്ള വിഎസിന്റെ ഒറ്റപ്പെടൽ ദുസഹമായിരുന്നു. പക്ഷേ അദ്ദേഹത്തിന് ഒരു കുലുക്കവുമില്ല. ആര് കൂടെ ഉണ്ട്, ഇല്ല എന്നതൊന്നും വിഎസിന് പ്രശ്‌നമല്ല. തന്റെ നിലപാടുകളിൽ നിന്നും അണുവിട പിന്നോട്ടില്ല. തലയുയർത്തി, മുണ്ടിന്റെ കോന്തല ഉയർത്തിപ്പിടിച്ച് പുന്നപ്ര-വയലാർ സമരകാലത്ത് എന്നപോലെ, അദ്ദേഹം മുന്നോട്ടു പോയി’.
2012 ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ വിഎസിനെ ക്യാപിറ്റൽ പണിഷ്‌മെന്റിന് വിധേയനാക്കണമെന്ന തരത്തിൽ ആവശ്യമുണ്ടായി എന്നാണ് സിപിഎം മുൻ സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായിരുന്ന മുരളി ആരോപിച്ചത്. അങ്ങനെയൊരു ആക്ഷേപം ഉണ്ടായിട്ടില്ലെങ്കിൽ, ക്യാപിറ്റൽ പണിഷ്‌മെന്റ് എന്ന വാക്ക് പരാമർശിച്ച് പൊതുയോഗത്തിൽ വിഎസ് എന്തുകൊണ്ട് മറുപടി പറഞ്ഞു എന്നാണ് തന്റെ ആരോപണത്തിന് അടിസ്ഥാനമായി മുരളി പറയുന്നത്. മുരളിയെ പോലെ കുറുപ്പും പാർട്ടിയുമായി ഇപ്പോൾ സജീവ ബന്ധത്തിലല്ലെങ്കിലും, ക്യാപിറ്റൽ പണിഷ്‌മെന്റ് വിവാദം ആളിക്കത്തിക്കാൻ അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ കാരണമാകും.
പിരപ്പൻകോട് മുരളിയുടെ വാക്കുകൾ ഇങ്ങനെയാണ്: സമ്മേളനം നടക്കുമ്പോൾ, നന്നായി സംസാരിക്കുന്ന ഒരു ചെറുപ്പക്കാരൻ പാർട്ടിക്കകത്ത് വിഭാഗീയതയുണ്ടാക്കുന്ന വി.എസിന് ‘ക്യാപിറ്റൽ പണിഷ്‌മെന്റ്’ കൊടുക്കുകയാണ് വേണ്ടതെന്ന് പ്രസംഗിച്ചു. പാർട്ടിയുടെ സ്ഥാപകനായ വിഎസിനേക്കുറിച്ച് ഇങ്ങനെയൊരു പരാമർശം വരുമ്പോൾ ഡയസിൽനിന്ന് അതിനെ ചെറുക്കേണ്ടത് ആവശ്യമായിരുന്നു. പക്ഷേ, ഡയസിൽ ഉണ്ടായിരുന്ന പാർട്ടി നേതാക്കൾ എല്ലാവരും അത് ആസ്വദിക്കുകയായിരുന്നു. ഞാൻ അന്ന് ഡെലിഗേറ്റായിരുന്നു.
‘ക്യാപിറ്റൽ പണിഷ്‌മെന്റ്’ പരാമർശത്തേക്കുറിച്ച് സമ്മേളനകാലത്ത് പുറത്തുവന്ന വാർത്തകൾ എം. സ്വരാജ് നിഷേധിച്ചിരുന്നെങ്കിലും വി.എസിന്റെ അന്നത്തെ മറുപടി വാർത്തകളെ സജീവമാക്കിയിരുന്നു. ‘തൂക്കുകയറിനെയും വെല്ലുവിളിച്ചുകൊണ്ട് നേരിട്ട ഞങ്ങളെ ഇപ്പോൾ ക്യാപിറ്റൽ പണിഷ്‌മെന്റ് എന്ന് പറഞ്ഞ് ഭയപ്പെടുത്താൻ ശ്രമിച്ചാൽ അത് വിലപ്പോകില്ല എന്നുകൂടി ഞാൻ ഈ അവസരത്തിൽ അറിയിക്കുകയായിരുന്നു’ എന്നായിരുന്നു അന്ന് വി.എസ്. പ്രതികരിച്ചത്.
1996-ൽ മാരാരിക്കുളത്ത് പാർട്ടിയിലെ ഒരു വിഭാഗം വി.എസ്. അച്യുതാനന്ദനെ മനപ്പൂർവം തോൽപിച്ചതാണെന്നും പിരപ്പൻകോട് മുരളി പറഞ്ഞു. അന്ന് മാരാരിക്കുളത്ത് വിജയിച്ച കോൺഗ്രസ് എംഎൽഎ പി.ജെ. ഫ്രാൻസിസ് ആണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേട്ടപ്പോൾ താൻ ഞെട്ടിപ്പോയെന്നും താൻ പ്രതീക്ഷിക്കാത്ത പല ആളുകളും അതിലുണ്ടായിരുന്നെന്നും പിരപ്പൻകോട് മുരളി പറഞ്ഞു. സുശീലാ ഗോപാലനെ മുഖ്യമന്ത്രിയാക്കാനായിരുന്നു ആ ശ്രമമൊക്കെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2016-ൽ എൽഡിഎഫ് വിജയിച്ചതിന് പിന്നാലെ വിഎസിനെ ആറുമാസം മുഖ്യമന്ത്രിയാക്കണമെന്ന നിർദേശം താൻ മുന്നോട്ടുവെച്ചിരുന്നെന്നും അതിന് പിന്നാലെയാണ് തന്നെ സിപിഎം സംസ്ഥാനസമിതിയിൽനിന്ന് ഒഴിവാക്കിയതെന്നും പിരപ്പൻകോട് മുരളി പറഞ്ഞു. 2016-ൽ വിഎസ് ആണ് തിരഞ്ഞെടുപ്പ് നയിച്ചത് എന്ന് എല്ലാവർക്കും അറിയാം. അപ്പോൾ സ്വാഭാവികമായും വിഎസ് മുഖ്യമന്ത്രിയാകും എന്നാണ് ആളുകൾ കരുതിയത്. എന്നാൽ, മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്ന ഘട്ടംവന്നപ്പോൾ ഇവിടുത്തെ സെക്രട്ടേറിയേറ്റ് കൂടി തീരുമാനിച്ചു, പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന്. വി.എസിനെ ആറുമാസം മുഖ്യമന്ത്രിയാക്കണം. അതിനു ശേഷം പിണറായിയെ മുഖ്യമന്ത്രിയാക്കുന്നതിൽ വിരോധമില്ലെന്ന് താൻ പറഞ്ഞു. തൃശ്ശൂർ സമ്മേളനം നടന്നപ്പോൾ സംസ്ഥാന കമ്മിറ്റിയിൽനിന്ന് എൺപതു വയസ്സുകഴിഞ്ഞ 10-14 പേരെ ഒഴിവാക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ആദ്യം അയച്ചത് എന്റെ പേരാണ്. തനിക്ക് അന്ന് 74 വയസ്സേയുണ്ടയിരുന്നുള്ളൂ എന്നും പിരപ്പൻകോട് മുരളി വെളിപ്പെടുത്തിയിരുന്നു.