തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവതിയെ യാത്രക്കാരൻ ചവിട്ട് ട്രാക്കിലേക്കിട്ടു . ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള കേരള എക്സ്പ്രസിലാണ് യുവതി യാത്ര ചെയ്തിരുന്നത്. അയന്തി മേൽപ്പാലത്തിനു സമീപമാണ് സംഭവം.
സംഭവത്തിൽ സുരേഷ് കുമാർ എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവതി സഞ്ചരിച്ച ട്രെയിനിലെ യാത്രക്കാരനായ ഇയാൾ മദ്യലഹരിയിലാണെന്ന് റെയിൽവേ പോലീസ് അറിയിച്ചു. പ്രതിയെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് പിടികൂടിയത്. ഇയാൾ പെൺകുട്ടിയെ വാതിലിൽ നിന്ന് ചവിട്ടി തള്ളിയിടുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് സുരേഷ് കുമാർ മദ്യലഹരിയിൽ ആക്രമണം നടത്തിയതെന്ന് യുവതിയ്ക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
അതേസമയം പുറത്തേക്കു വീണ് സാരമായി പരുക്കേറ്റു ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്. ആരോ തള്ളിയിട്ടതാണെന്ന സംശയം പോലീസിനുണ്ടായിരുന്നു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുരേഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. യുവതിയുടെ സ്ഥിതി അതീവ ഗുരുതരമാണ്. കൂടാതെ ആന്തരിക രക്തസ്രാവമുണ്ടെന്നാണ് പ്രാഥമിക വിവരം.


















































