ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനം ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കും. അതേസമയം ബംഗാൾ എസ്‌ഐആറിൽ അപ്പീൽ സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ഇതിന് പിന്നാലെ തീയതി പ്രഖ്യാപിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതിയാണ് ഇന്ന് പ്രഖ്യാപിക്കുക. കേരളം, പുതുച്ചേരി, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഒറ്റത്തവണയായി വോട്ടെടുപ്പ് നടത്താനാണ് സാധ്യത. വിഷു, വേനൽ എന്നിവ പരിഗണിച്ച് കേരളത്തിൽ ഏപ്രിൽ 15നും 30നും ഇടയിൽ വോട്ടെടുപ്പ് നടന്നേക്കും. കഴിഞ്ഞതവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ബംഗാളിൽ ഇത്തവണ അഞ്ച് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ്. അസമിൽ മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.






