കോഴിക്കോട്: ആ മൂന്നുവയസുകാരിയുടെ മുന്നിലിട്ടായിരുന്നു ഉപ്പ, ഉമ്മയെ കുത്തിക്കൊലപ്പെടുത്തിയത്. തടയാനെത്തിയ ഉപ്പുപ്പയേയും ഉമ്മുമ്മയേയും ആക്രമിച്ചു. മാതാപിതാക്കൾ നഷ്ടപ്പെട്ട് സഹോദരിയുടെ തോളിൽ കിടക്കുന്ന കുഞ്ഞ് ഇഷ്‌വ കണ്ണീർ കാഴ്ചയായി. രാത്രി മുഴുവൻ പേടിച്ചും വിറച്ചും ഒറ്റപ്പെട്ടും കഴിഞ്ഞ ഇഷ്‌വയെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ഷിബിലയുടെ സഹോദരി സനയും തളർന്നിരുന്നു. യാസിർ ഷിബിലയെ ആക്രമിച്ചത് മകൾ മൂന്നുവയസുകാരി ഇഷ്വയുടെ മുന്നിലിട്ടാണ്. ചോരയും ബഹളവും കണ്ട് ഭയന്നു വിറച്ച കുഞ്ഞ് അപ്പോൾ മുതൽ നിർത്താതെ കരയുകയായിരുന്നെന്നു ബന്ധുക്കൾ പറയുന്നു. ഉമ്മ മരിക്കുകയും ഉപ്പ ജയിലിലാകുകയും ചെയ്തു. ഉമ്മയുടെ മാതാപിതാക്കൾ ആശുപത്രി വിട്ടിട്ടുമില്ല. 3 വയസുകാരി കുഞ്ഞിനെയും സനയെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ നെഞ്ച് വിങ്ങിക്കൊണ്ടാണ് ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ മടങ്ങിയത്.
അതേസമയം ഭർത്താവിന്റെ കുത്തേറ്റ് മരിച്ച പുതുപ്പാടി ഈങ്ങാപ്പുഴ കക്കാട് നക്കിലമ്പാട് ഷിബിലയുടെ (23) ശരീരത്തിലുണ്ടായിരുന്നത് 11 മുറിവുകൾ. കഴുത്തിന്റെ വലതു ഭാഗത്തായി ഏറ്റ കുത്താണ് മരണത്തിനു കാരണമായതെന്നാണ് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ഷിബില തനിക്കൊപ്പം വീട്ടിലേക്കു തിരിച്ചു വരാത്തതിലുള്ള വൈരാഗ്യത്തെ തുടർന്നാണു കൊലപാതകം നടത്തിയതെന്നാണു ഭർത്താവ് യാസിർ പോലീസിനു നൽകിയ മൊഴി. ഷിബിലയെ തടയാൻ ശ്രമിച്ചതു കൊണ്ടാണ് മാതാപിതാക്കളെ ആക്രമിക്കേണ്ടി വന്നതെന്നും മൊഴി നൽകി. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി. ഷിബിലയുടെ വീട്ടിൽ ഇന്നലെ ഫൊറൻസിക് സംഘമെത്തി പരിശോധന നടത്തി.
പോലീസ് കസ്റ്റഡിയിലെടുത്ത ഷിബിലയുടെ ഭർത്താവ് കാക്കവയൽ മണ്ഡലമുക്ക് യാസിറിനെ മെഡിക്കൽ കോളജ് സ്റ്റേഷനിലെത്തിച്ചു തെളിവെടുത്തു. കൊലപാതകത്തിനു ശേഷം അവിടെ നിന്നു കാറിൽ കടന്ന യാസിറിനെ, കാർ സഹിതം മെഡിക്കൽ കോളേജ് പരിസരത്തു നിന്നായിരുന്നു ചൊവ്വാഴ്ച രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. കാറിൽ നിന്ന് കത്തി, ബാഗ് എന്നിവ കണ്ടെടുത്തിട്ടുണ്ട്. യാസിറിനെ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗത്തിലെത്തിച്ചു പരിശോധന നടത്തി.
സഹിക്കാവുന്നതിന്റെ പരമാവധി അവൾ സഹിച്ചിട്ടാണ് അവൾ പോയതെന്ന് ബന്ധുക്കൾ പറയുന്നു. വീട്ടുകാരുടെ ഇഷ്ടമില്ലാതെ അവന്റെ കൂടെ പോയി എന്നുള്ളതു കൊണ്ട് ആരെയും ഒന്നും അറിയിക്കാതെയാണ് നാലഞ്ചു വർഷം തള്ളി നീക്കിയത്. തീരെ നിവൃത്തിയില്ലാത്തതു കൊണ്ടാണ് ഒരു മാസം മുൻപു സ്വന്തം വീട്ടിലേക്കു മടങ്ങിയത്. മുൻപ് ഒരിക്കൽ ഇതു പോലെ പിണങ്ങി വരികയും യാസിർ വന്നു തിരിച്ചുകൊണ്ടുപോവുകയും ചെയ്തതാണ്. എന്നാൽ അന്നു പോയ ശേഷം അവളെ മുറിയിൽ പൂട്ടിയിട്ട് അതിക്രൂരമായി മർദിക്കുകയായിരുന്നു. യാസിർ ഷിബിലയുടെ പേരിൽ വായ്പകൾ എടുത്തിട്ടുണ്ട്. ഇതെല്ലാം അടയ്ക്കേണ്ട ബാധ്യതയും അവൾക്കു വന്നു ചേർന്നു. യാസിറിനൊപ്പം ഇനി തുടരാനാവില്ലെന്നും പുതിയൊരു ജീവിതം ആരംഭിക്കാമെന്നും അവൾ ആഗ്രഹിച്ചിരുന്നു. അതിനിടയിലാണ് ആക്രമണം ഉണ്ടായതെന്നും ബന്ധുക്കൾ പറഞ്ഞു. ഷിബിലയുടെ ഖബറടക്കം നടത്തി.