ചങ്ങനാശേരി: തൊട്ടിലാട്ടത്തിൽ നിന്നുള്ള കമ്പിക്കഷണം തെറിച്ച് വീണ് 17 വയസുകാരന് ഗുരുതര പരുക്ക്. കാക്കാംതോട് സ്വദേശിയായ പ്ലസ്‌വൺ വിദ്യാർഥി അലൻ ബിജുവിനാണ് പരുക്കേറ്റത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അലൻ അപകടനില തരണം ചെയ്തതായി ബന്ധുക്കൾ പറഞ്ഞു.
വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മെത്രാപ്പൊലീത്തൻ പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയങ്കണത്തിൽ സ്ഥാപിച്ച തൊട്ടിലാട്ടത്തിൽ നിന്നുള്ള കമ്പിക്കഷ്ണം താഴെ കൂടി നടന്നു പോയ അലന്റെ തലയിൽ പതിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അലന്റെ തലയുടെ പിൻഭാഗത്ത് തലച്ചോറിനുള്ളിലേക്കാണ് കമ്പി തറച്ചു കയറിയത്. ഒപ്പമുണ്ടായിരുന്ന ബന്ധുവായ കുട്ടിക്കും പരുക്കേറ്റിരുന്നു. എന്നാൽ ഈ കുട്ടിയുടെ പരുക്ക് ഗുരുതരമല്ല.
സ്വകാര്യ കരാറുകാരനായിരുന്നു പെരുന്നാൾ നടത്തിപ്പ് ചുമതല. അപകടത്തെ തുടർന്ന് ഇതിന്റെ പ്രവർത്തനം പോലീസ് നിർത്തിവയ്പ്പിച്ചു. കരാറുകാരനെ കസ്റ്റഡിയിലെടുത്തു. കരാറുകാരനെ പ്രതിയാക്കി പോലീസ് സ്വമേധയാ കേസെടുത്തു. സംഭവത്തിൽ പള്ളി അധികൃതരും അന്വേഷണം ആരംഭിച്ചു.