വാഷിങ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരേ അമേരിക്കയിലുടനീളം വ്യാപകപ്രതിഷേധം. ‘നോ കിങ്‌സ് പ്രൊട്ടസ്റ്റ്’ എന്ന പേരിലാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. നിരവധിപേര്‍ പങ്കെടുത്തെങ്കിലും പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍ ഡിസി, ഷിക്കാഗോ, മിയാമി, ലോസ് ആഞ്ജലിസ് തുടങ്ങിയ പ്രധാനനഗരങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ പ്ലക്കാര്‍ഡുകളുമായി നിരത്തിലിറങ്ങി. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ ശനിയാഴ്ച രാവിലെ ആരംഭിച്ച റാലിയില്‍ ആയിരക്കണക്കിന് പേരാണ് പങ്കാളികളായത്.
‘ജനാധിപത്യം രാജവാഴ്ചയല്ല’ , ‘ജനാധിപത്യം ഭീഷണിയിലാണ്’, ‘ട്രംപ് രാജാവല്ല’, ‘പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തിലുടനീളം ഉയര്‍ന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വിവിധ നഗരങ്ങളില്‍ പോലീസ് ഏര്‍പ്പെടുത്തിയിരുന്നത്. ഡ്രോണുകള്‍ ഉപയോഗിച്ചും ഹെലികോപ്റ്ററിലും പോലീസ് നിരീക്ഷണം നടത്തിയിരുന്നു.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യൂയോര്‍ക്ക് പോലീസ് അറിയിച്ചു.അതേസമയം, ‘നോ കിങ്‌സ്’ പ്രതിഷേധം സംഘടിപ്പിക്കുന്നവര്‍ തീവ്ര ഇടത് ഗ്രൂപ്പായ ‘ആന്റിഫ മൂവ്‌മെന്റു’മായി ബന്ധമുള്ളവരാണെന്നാണ് ട്രംപിന്റെയും അനുയായികളുടെയും ആരോപണം. ഇവര്‍ നടത്തുന്നത് അമേരിക്കയെ നിന്ദിക്കുന്ന റാലിയാണെന്നും അവർ ആരോപിച്ചിരുന്നു.