കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ട് ടി ഐ മധുസൂദനൻ എംഎൽഎ അടക്കമുള്ളവര്‍ മുക്കിയെന്ന് ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിക്കൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ. ഇന്നലെ രാത്രിയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘കൂട്ടത്തിലൊരു പ്രിയ സഖാവ് വീണുപോയ രാത്രിയിൽ വിശുദ്ധൻ എവിടെയായിരുന്നു. തടവറകളും ഇടിമുറികളും വിളിച്ച നാളുകളിൽ വിശുദ്ധൻ എവിടെയായിരുന്നു. ഊണും കഴിഞ്ഞ് ഏമ്പക്കവും വിട്ട് പാർട്ടിയെ വെല്ലുവിളിക്കുന്ന ഒറ്റുകാരനെ നാട് തിരിച്ചറിയും. രക്തസാക്ഷികൾ സിന്ദാബാദ്’ – എന്നിങ്ങനെയാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങൾ പൂർണമായി പാർട്ടി തള്ളുകയാണുണ്ടായത്.
കുഞ്ഞിക്കൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് ജില്ലാ സെക്രട്ടറി ഇറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്ന കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊണ്ടതാണ്. സമയ ബന്ധിതമായി വരവ്-ചെലവ് കണക്ക് അവതരിപ്പിക്കുന്നതിലുള്ള വീഴ്ച അല്ലാതെ വ്യക്തിപരമായി ആരും ധനാപഹരണം നടത്തിയിട്ടില്ലെന്ന കമ്മിഷന്‍ റിപ്പോര്‍ട്ട് ജില്ലാ കമ്മിറ്റി ചര്‍ച്ച ചെയ്ത് അംഗീകരിച്ചതുമാണ്.
വിഭാഗീയ ലക്ഷ്യങ്ങളോടെ തെറ്റായ ആരോപണങ്ങള്‍ ബോധപൂര്‍വം ഉന്നയിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വി.കുഞ്ഞിക്കൃഷ്ണനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. 8 മാസങ്ങള്‍ക്കു മുൻപ് നടന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ തെറ്റുപറ്റിയെന്ന് വി. കുഞ്ഞിക്കൃഷ്ണന്‍ തുറന്നുപറഞ്ഞു. അതിനു ശേഷം പാര്‍ട്ടിയുടെ വിവിധ ഘടക യോഗങ്ങളിലും പരിപാടികളിലും കുഞ്ഞിക്കൃഷ്ണൻ പങ്കെടുത്തു. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തില്‍ മാധ്യമങ്ങളുടെയും രാഷ്ട്രീയ ശത്രുക്കളുടെയും കോടാലിക്കയ്യായി മാറുന്നതരത്തിലാണ് കുഞ്ഞിക്കൃഷ്ണന്‍റെ പ്രവര്‍ത്തിയെന്നും പാർട്ടി കുറ്റപ്പെടുത്തി.














































