തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകങ്ങൾ നടത്തിയ അഫാന്‍ എന്തുകൊണ്ടാണ് കൊലപാതകങ്ങള്‍ക്ക് ചുറ്റിക തിരഞ്ഞെടുത്തതെന്ന നിര്‍ണായക വിവരങ്ങള്‍ ലഭിച്ചുവെന്ന് പൊലീസ്. ഈ ഘട്ടത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചുറ്റിക തിരഞ്ഞെടുത്തിനെക്കുറിച്ച് അറിയാന്‍ സൈബര്‍ പൊലീസ് അഫാന്റെ ഫോണും ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ വിവരങ്ങളും പരിശോധിച്ചിരുന്നു. അതിനിടെ അഫാന്റെ രാത്രി സഞ്ചാരങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതിനിടെ വെഞ്ഞാറമൂട് പൊലീസ് ആശുപത്രിയിലെത്തി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. കുടുംബാംഗങ്ങളെയും സുഹൃത്തിനെയും കൊലപ്പെടുത്തിയ കേസില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലില്‍ റിമാന്‍ഡിലാണ് അഫാൻ. സഹോദരന്‍ അഹ്‌സാന്‍, പെൺസുഹൃത്ത് ഫര്‍സാന എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് വെഞ്ഞാറമൂട് പൊലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍.പി.അനൂപ് കൃഷ്ണയുടെ നേതൃത്വത്തില്‍ എത്തിയ സംഘം അഫാനെ അറസ്റ്റ് ചെയ്തത്. അഫാന്റെ പിതൃമാതാവ് താഴെപാങ്ങോട് മസ്ജിദിന സമീപം താമസിക്കുന്ന സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് നേരത്തേ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പുല്ലമ്പാറ എസ്എന്‍ പുരത്ത് അബ്ദുല്‍ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അഫാന്റെ അറസ്റ്റ് വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും. ആശുപത്രി നിരീക്ഷണം കഴിഞ്ഞാലുടന്‍ അഫാനെ ജയിലിലേക്ക് മാറ്റും. തുടര്‍ന്ന് വെഞ്ഞാറമൂട് പൊലീസ് ആദ്യം കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്താനാണു തീരുമാനം എന്നാണു വിവരം. ഇന്നോ നാളെയോ അഫാനെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും.
അഫാന്‍, മാതാവ് ഷെമി എന്നിവര്‍ സംഭവം നടന്നതിന്റെ തലേന്ന് 50,000 രൂപ വായ്പ ലഭിക്കുന്നതിനു വേണ്ടി വിവിധ സ്ഥലങ്ങളിലുള്ളവരെ സന്ദര്‍ശിച്ചതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ ഭാഗമായാണ് ഇരുവരും തട്ടത്തുമലയിലെ ബന്ധുവീട്ടില്‍ എത്തിയത്. തട്ടത്തുമലയില്‍ താമസിക്കുന്ന ബന്ധുവിന്റെ ചെറുമകളുടെ കൈവശം സ്വര്‍ണാഭരണം ഉണ്ടായിരുന്നത് ലക്ഷ്യമിട്ടാണ് ഇരുവരും വായ്പ വാങ്ങാന്‍ എത്തിയതെന്നാണു സംശയിക്കുന്നത്. എന്നാല്‍ സ്വര്‍ണമോ പണമോ ലഭിച്ചില്ല. മാതാവിനൊപ്പം തട്ടത്തുമലയില്‍ എത്തിയ അഫാന്‍ വീട്ടുകാര്‍ ക്ഷണിച്ചിട്ടും വീടിനുള്ളിലേക്ക് കയറിയില്ല.
വായ്പ ലഭിക്കാതെ വന്നപ്പോള്‍ മാതാവ് പുറത്തെത്തി ഇരുവരും പേരുമലയിലേക്ക് തിരിക്കുകയായിരുന്നു. എന്നാല്‍ കൊലപാതകങ്ങള്‍ നടക്കുന്ന ദിവസം രാവിലെ വീണ്ടും ഷെമി പ്രതീക്ഷ കൈവിടാതെ വീണ്ടും തട്ടത്തുമലയിലെ ബന്ധുവിനെ വിളിച്ചു. അപ്പോഴും കൈവശം പണം ഇല്ലെന്ന മറുപടിയാണ് നല്‍കിയതെന്നും പൊലീസിനോട് ബന്ധു പറഞ്ഞു. ഈ 50,000 രൂപ ആര്‍ക്ക് നല്‍കാന്‍ വേണ്ടിയാണ് മാതാവും മകനും ഓടി നടന്നതെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അഫാന്‍ പാങ്ങോട് എത്തി കൊല നടത്തിയതിനു ശേഷം സ്വര്‍ണമാലയുമായി വെഞ്ഞാറമൂട്ടില്‍ എത്തി പണയം വച്ച് പണം വാങ്ങി. അതില്‍ നിന്നും ഒരു തുക ആര്‍ക്കോ അയച്ചു കൊടുത്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. കുടുംബത്തിന് കടബാധ്യതയില്ലെന്ന് പിതാവ് അബ്ദുല്‍ റഹീം പറഞ്ഞെങ്കിലും, പൊലീസ് കടബാധ്യത സ്ഥിരീകരിച്ചിട്ടണ്ട്. അഫാന്റെയും അമ്മ ഷെമിയുടെയും ജീവിതശൈലിയാണ് കടംപെരുകാന്‍ കാരണമെന്നും വിലയിരുത്തല്‍.
Venjaramoodu Murders: Police investigation is ongoing, focusing on financial difficulties and the suspect Afan’s actions before the crime. Venjaramoodu Mass Murder Police Kerala News Malayalam News Thiruvananthapuram News