വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയ്ക്ക് ഇന് പുതിയ ഇടയൻ. പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്. അതേസമയം കർദിനാൾമാരിൽ ആരാണു പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന വിവരം ഇതുവരെ പുറത്തുവന്നിട്ടില്ല.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ 45,000ത്തിലധികം പേരാണു പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തുവെന്ന വാർത്ത കേൾക്കാനായി ഇന്നലെ തടിച്ചുകൂടിയത്. ബുധനാഴ്ച വൈകുന്നേരം നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിൽ പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നതിൽ പരാജയപ്പെട്ട കർദ്ദിനാൾമാർ രഹസ്യ കോൺക്ലേവിൽ വോട്ടെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓരോ ദിവസവും നാല് റൗണ്ട് വോട്ടെടുപ്പ് വരെ നടത്താം, രാവിലെ രണ്ട് റൗണ്ടും ഉച്ചകഴിഞ്ഞ് രണ്ട് റൗണ്ടും.
അതേസമയം വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുക്കുന്നുണ്ട്. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികൻ.