മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടി20-യിൽ ശുഭ്മാൻ ഗില്ലിന്റെ വേഗത്തിലുള്ള പുറത്താകലിനു പിന്നിൽ സഞ്ജു സാംസണെ അനുകരിക്കാൻ ശ്രമിച്ചതാണെന്ന നിരീക്ഷണവുമായി മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര രംഗത്ത്. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായും ഇന്ത്യയ്ക്കായും ടി20-യിൽ കളിക്കുമ്പോൾ ഗിൽ ഇന്നിങ്‌സിനെ സമീപിക്കാറുള്ളത് ഇത്തരത്തിലല്ല. തുടക്കത്തിൽ സമയമെടുത്ത് ഇന്നിങ്‌സ് പുരോഗമിക്കുന്തോറും വേഗത കൂട്ടുകയാണ് ഗില്ലിന്റെ പതിവെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
അതുപോലെ ഗില്ലിന്റെ ഈ പുതിയ സമീപനത്തിന് കാരണം സഞ്ജു കളിച്ചിരുന്നതുപോലുള്ള ആക്രമണോത്സുക ബാറ്റിങ്ങാണെന്നും ചോപ്ര പറയുന്നു. ഗില്ലിനു മുമ്പ് ടീമിന്റെ ഓപ്പണറായിരുന്ന സഞ്ജു ആക്രമണോത്സുക ബാറ്റിങ്ങാണ് കാഴ്ചവെച്ചിരുന്നത്. ഈ രീതി ഗിൽ അനുകരിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
”ഗിൽ എന്താണ് ചെയ്യാൻ ശ്രമിക്കുന്നത്? എന്തുകൊണ്ട് അദ്ദേഹം അങ്ങനെ കളിക്കുന്നു. സഞ്ജു സാംസണാണ് അദ്ദേഹത്തിനു മുമ്പ് ഓപ്പണറായി ഇറങ്ങിയ കളിക്കാരൻ. സഞ്ജു 175 സ്‌ട്രൈക്ക് റേറ്റിലാണ് റൺസ് കണ്ടെത്തിയിരുന്നത്. മൂന്നു സെഞ്ചുറികളും നേടിയിട്ടുണ്ട്. തീർച്ചയായും അദ്ദേഹം നേരത്തേ പുറത്താകാറുണ്ട്. പക്ഷേ മൂന്ന് സെഞ്ചുറിയും 175 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ടായിരുന്നു. സഞ്ജുവിൽ നിന്ന് നിങ്ങൾക്കത് എടുത്തുകളയാൻ സാധിക്കില്ല”- ചോപ്ര പറഞ്ഞു.
മാത്രമല്ല സമീപകാലത്ത് ഇന്ത്യ 250-275 എന്ന വലിയ ടോട്ടലുകൾ നേടാൻ നോക്കുന്നുണ്ട്. ഇതും ഗില്ലിനുമേൽ സമ്മർദം വർധിപ്പിക്കുന്നുണ്ടെന്നും ചോപ്ര പറയുന്നു. സഞ്ജു നേരത്തേ അങ്ങനെ കളിച്ചിരുന്നതിനാൽ അത്തരത്തിൽ അടിച്ചു കളിക്കാൻ ഗില്ലിനും സമ്മർദമുണ്ടാകും. കാരണം, ഗിൽ വന്നിരിക്കുന്നത് സഞ്ജുവിന്റെ സ്ഥാനത്താണെന്നും ചോപ്ര പറഞ്ഞുവയ്ക്കുന്നു.

















































