വാഷിങ്ടൻ: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവരെ ഭീഷണിപ്പെടുത്തുന്ന അമേരിക്കൻ തന്ത്രം വിലപ്പോയില്ല. ഓഗസ്റ്റ് മാസത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയവരിൽ മുൻപന്തിയിൽ ഇന്ത്യയും ചൈനയുമെന്ന് റിപ്പോർട്ട്. ചൈനയ്ക്ക് മേൽ 100 ശതമാനം വരെ നികുതി ചുമത്തുമെന്ന മുന്നറിയിപ്പിനും റഷ്യൻ എണ്ണ വാങ്ങുന്നത് യൂറോപ്യൻ രാജ്യങ്ങൾ നിർത്തണമെന്നുള്ള യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻറെ ആവശ്യത്തിന് പിന്നാലെ ട്രംപിന് ചൈനയുടെ മറുപടിയുമെത്തി. തങ്ങൾ എണ്ണ വാങ്ങുന്നതല്ലാതെ യുദ്ധങ്ങൾക്ക് ഗൂഢാലോചന നടത്തുകയോ, യുദ്ധങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നില്ലെന്ന് ചൈന വ്യക്തമാക്കി.
അതുപോലെ യുദ്ധം പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും ഉപരോധങ്ങൾ അവയെ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അതേസമയം നാറ്റോ അംഗങ്ങളെ അഭിസംബോധന ചെയ്ത ഒരു കത്തിലൂടെയാണ് ട്രംപ് റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടത്.
“എല്ലാ നാറ്റോ രാജ്യങ്ങളും റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണം. റഷ്യയ്‌ക്കെതിരെ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ ഞാൻ തയ്യാറാണ്. സഖ്യം കൂട്ടായി പ്രവർത്തിക്കണം’, ട്രംപ് ആവശ്യപ്പെട്ടു. നാറ്റോയിൽ അംഗങ്ങളായ രാജ്യങ്ങൾ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചാൽ മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ കഴിയൂ എന്നും ട്രംപ് വ്യക്തമാക്കി.
റഷ്യയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങുന്ന രാജ്യം ചൈനയാണ്. രണ്ടാം സ്ഥാനത്ത് ഇന്ത്യയും മൂന്നാം സ്ഥാനത്ത് നാറ്റോ അംഗമായ തുർക്കിയും. ഓഗസ്റ്റ് മാസത്തിലും റഷ്യയിൽ നിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയ രാജ്യം ചൈനയായിരുന്നു. രണ്ടാമത് ഇന്ത്യയും. ഓഗസ്റ്റ് മാസത്തിൽ മാത്രം 290 കോടി യൂറോയുടെ (30,000 കോടി രൂപ) എണ്ണ ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങി. ഇതോടെ സാധാരണയായി 310 കോടി യൂറോയുടെ എണ്ണ വാങ്ങുന്ന ചൈനയുടെ അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഹെൽസിങ്കി ആസ്ഥാനമായുള്ള സെന്റർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ ആണ് ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തിറക്കിയത്. ജൂലൈയിൽ 270 കോടി യൂറോയുടെ എണ്ണയായിരുന്നു ഇന്ത്യ റഷ്യയിൽ നിന്നും വാങ്ങിയിരുന്നത്. ചൈന 410 കോടി യൂറോയുടെ എണ്ണയും.
ചൈന റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് കുറച്ചപ്പോൾ ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയുടെ ഇറക്കുമതി കൂടിയിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നു. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ അമേരിക്കയുടെ കടുത്ത അതൃപ്തി നിലനിൽക്കേയാണ് ഇന്ത്യ എണ്ണ വാങ്ങുന്നത് വർധിപ്പിച്ചത്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിനെ തുടർന്ന് അമേരിക്ക ഇന്ത്യയ്ക്ക് 50% പിഴത്തീരുവയാണ് ചുമത്തിയത്.