കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവ ആക്രമണത്തിൽ ആദിവാസി വയോധികൻ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവ് ദേവർഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിലെ ഊരുമൂപ്പൻ കൂമൻ ആണ് മരിച്ചത്. സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു.
മാടപ്പള്ളി ദേവർഗദ്ധ ഉന്നതിയിലെ മൂപ്പനാണ് കൊല്ലപ്പെട്ടത്. കാപ്പി സെറ്റ് ചെട്ടിമറ്റം പ്രദേശത്ത് ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. പുഴയോരത്തുവെച്ച് കൂമനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
സംഭവസ്ഥലത്ത് വൻ പ്രതിഷേധം നടക്കുകയാണ്. മൃതദേഹം സ്ഥലത്തുനിന്ന് നീക്കാൻ അനുവദിക്കാതെയാണ് നാട്ടുകാരുടെ പ്രതിഷേധം. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

















































