കൽപറ്റ: വയനാട് ഭീതി പരത്തുന്ന നരഭോജി കടുവയെ ഇതുവരെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ വയനാട്ടിലെ വിവിധ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.
കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാര വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
അതേസമയം നരഭോജി കടുവയ്ക്കായി തെരച്ചിൽ നടത്തുന്നതിനിടെ അപ്രതീക്ഷിതമായി കടുവയുടെ ആക്രമണം ഉണ്ടായതിൻറെ ഞെട്ടലിലാണ് ആർആർടി സംഘാംഗമായ ജയസൂര്യ. കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ജയസൂര്യയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രിയിൽ വച്ച് എന്താണ് സംഭവിച്ചതെന്ന് ജയസൂര്യ വിശദീകരിച്ചു.
കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് സംശയിച്ച മേഖലയിലായിരുന്നു തെരച്ചിൽ. താൻ ഏറ്റവും പിന്നിലായിട്ടായിരുന്നു നടന്നിരുന്നത്. ഇതിനിടയിൽ പെട്ടെന്ന് കടുവ പിന്നിൽ നിന്ന് തൻറെ മുകളിലേക്ക് ചാടി വീഴുകയായിരുന്നുവെന്ന് ജയസൂര്യ പറഞ്ഞു. ഉടൻ തന്നെ കയ്യിലുണ്ടായിരുന്ന ഷീൽഡ് ഉപയോഗിച്ച് കടുവയെ തടഞ്ഞു.
കടുവ ആക്രമിച്ചതോടെ നിലത്തുവീണു. ഇതോടെ കടുവ തൻറെ മുകളിലായി നിന്നു. കടുവയ്ക്കും തനിക്കും ഇടയിൽ ഷീൽഡ് ഉണ്ടായിരുന്നതിനാൽ കൂടുതൽ ആക്രമണം ഉണ്ടായില്ല. ഷീൽഡ് കവർ ചെയ്യാതിരുന്ന കൈയ്ക്ക് കടുവ മാന്തുകയായിരുന്നു. കടുവ ഉടനെ തന്നെ സ്ഥലത്ത് നിന്ന് ഓടിമറയുകയായിരുന്നുവെന്നും ജയസൂര്യ പറഞ്ഞു.
ജയസൂര്യയുടെ വലതു കൈയുടെ മുട്ടിനു മുകളിലാണ് പരുക്കേറ്റത്. അതേസമയം, സർക്കാർ കാണിക്കുന്ന അലംഭാവത്തിൻറെ ഫലമാണ് ജനങ്ങൾ അനുഭവിക്കുന്നതെന്നും വന്യജീവികളെ തടയുന്നതിന് ഫലപ്രദമായ നടപടിയാണ് വേണ്ടതെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആക്രമണം ഉണ്ടാകുമ്പോഴുള്ള തെരച്ചിലും വെടിവയ്ക്കലും മാത്രമല്ല വേണ്ടത്. കടുത്ത നിസംഗതയാണ് സർക്കാർ പുലർത്തുന്നത്. അതാണ് വനം മന്ത്രിയുടെ പാട്ടിലൂടെ വ്യക്തമാകുന്നത് യുഡിഎഫിന് വ്യക്തമായ നയം ഉണ്ടെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ വന്യജീവി ആക്രമണത്തിന് പരിഹാരം കാണുമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.