കറാച്ചി: ന്യൂസിലൻഡിനെതിരായ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ കളിയുടെ ഗതി തന്നെ മാറ്റിയത് ക്യാപ്റ്റൻ രോഹിത് ശർമയുടെ നിർണായക തീരുമാനമെന്ന് മുൻ പാക് പേസർ വഖാർ യൂനിസ്. ആദ്യ പത്തോവറിൽ ന്യൂസിലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 69 റൺസെന്ന മികച്ച നിലയിൽ ആയിരുന്നു. എന്നാൽ ആ സമയത്ത് കുൽദീപ് യാദവിനെ പന്തെറിയാൻ കളത്തിലിറക്കിയ രോഹിത്തിൻറെ തീരുമാനമാണ് കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയതെന്ന് വഖാർ പറഞ്ഞു.
കളത്തിലിറങ്ങി തൻറെ രണ്ടാം പന്തിൽ തന്നെ തകർത്തടിച്ച് ക്രീസിൽ നിന്ന രചിൻ രവീന്ദ്രയെ കുൽദീപ് ബൗൾഡാക്കി. ആ സമയം ന്യൂസിലൻഡ് കുൽദീപിനെ പന്തെറിയാൻ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും വഖാർ പറഞ്ഞു. കുൽദീപിൻറെ സ്പെല്ലാണ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. ആ സമയം അങ്ങനെയൊരു ബൗളിംഗ് മാറ്റം ന്യൂസിലൻഡ് പ്രതീക്ഷിച്ചിട്ടേയില്ല.
സാധാരണഗതിയിൽ 20-25 ഓവർ കഴിയുമ്പോഴാണ് കുൽദീപ് പന്തെറിയാൻ വരാറുള്ളത്. എന്നാൽ ഫൈനലിൽ കുൽദീപിനെ നേരത്തെ പന്തെറിയാൻ വിളിച്ചത് ന്യൂസിലൻഡിനെ അമ്പരപ്പിച്ചു. ആ സമയത്ത്, അക്സറിനെയോ, ജഡേജയെയോ ആണ് ന്യൂസിലൻഡ് ബാറ്റർമാർ പ്രതീക്ഷിച്ചിരുന്നത്. കുൽദീപ് വരുമെന്ന് അവരൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. അതായിരുന്നു മത്സരത്തിന്റെ ഗതിമാറ്റിയതെന്നും വഖാർ ഒരു ചാറ്റ് ഷോയിൽ പങ്കെടുത്ത് പറഞ്ഞു.
രചിൻ രവീന്ദ്രക്ക് പിന്നാലെ കെയ്ൻ വില്യംസണെ കൂടി കൂടാരംകയറ്റി കുൽദീപ് ആണ് ന്യൂസിലൻഡിൻറെ കുതിപ്പ് തടഞ്ഞ് കളി ഇന്ത്യക്ക് അനുകൂലമാക്കിയത്. പിന്നീട് അതിൽ നിന്ന് കരകയറാൻ ന്യൂസിലൻഡിനായില്ലെന്നും വഖാർ യൂനിസ് പറഞ്ഞു.