മലപ്പുറം: ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന നിലമ്പൂരിൽ വിഎസ് ജോയ് കോൺഗ്രസ് സ്ഥാനാർഥിയാകും. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ധാരണയായെന്നാണ് സൂചന. മാത്രമല്ല കേന്ദ്ര സർവേയിൽ വിഎസ് ജോയിക്കാണ് മുൻതൂക്കമെന്നാണ് അറിയുന്നത്. ഇക്കാര്യത്തിൽ പിവി അൻവറുമായി ചർച്ച നടത്തിയ ശേഷമായിരിക്കും പ്രഖ്യാപനമുണ്ടാവുക.
സർവ്വേ അടിസ്ഥാനമാക്കിയാണ് സ്ഥാനാർത്ഥി നിർണയം നടത്തുന്നത്. രണ്ട് സർവേകളാണ് കോൺഗ്രസ് മണ്ഡലത്തിൽ നടത്തിയത്. വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥി നിർണയത്തിലെ മാനദണ്ഡമായി സ്വീകരിച്ചത്. ഈ സർവേകളിൽ വിഎസ് ജോയിക്ക് മുൻതൂക്കം ലഭിച്ചു. മണ്ഡലത്തിലെ നേതാക്കളും ജോയുടെ പേരാണ് മുന്നോട്ടുവെക്കുന്നത്.
മാത്രമല്ല വിഎസ് ജോയ് ഡിസിസി അദ്ധ്യക്ഷനായതിന് ശേഷം ജില്ലയിൽ കോൺഗ്രസിന് വലിയ മുന്നേറ്റം ഉണ്ടായെന്നാണ് വിലയിരുത്തുന്നത്. മുസ്‌ലിം ലീഗുമായും നല്ല ബന്ധമാണ് ജോയ് പുലർത്തുന്നത്. അതിനാൽ ജോയുടെ സ്ഥാനാർത്ഥിത്വത്തോട് ലീഗിനും എതിർപ്പുണ്ടാവില്ല.
ക്രൈസ്തവ വിഭാഗത്തെ അടുപ്പിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ ആ വിഭാഗത്തിൽ നിന്ന് തന്നെ ഒരു സ്ഥാനാർത്ഥി ഉണ്ടാവണമെന്ന അഭിപ്രായം പല നേതാക്കൾക്കും ഉണ്ട്. ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള ഒരു ജില്ലാ പഞ്ചായത്ത് അംഗത്തെ സ്ഥാനാർത്ഥിയാക്കാൻ എൽഡിഎഫ് കാര്യമായി തന്നെ ആലോചിക്കുന്നുണ്ട്. ഇതും ജോയിയെന്ന പേരിലേക്കെത്താൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്. യുവാവായ നേതാവെന്നതും ജോയിക്ക് അനുകൂല ഘടകമാണ്. ഈ ആഴ്ച തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാനുള്ള സാധ്യതയേറെയാണ്. അത് കൊണ്ട് തന്നെ ഒറ്റ പേരിലേക്ക് വളരെ പെട്ടെന്ന് എത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. മാത്രമല്ല അൻവർ രാജി വച്ചൊഴിയുന്ന നേരത്ത് മുന്നോട്ടു വച്ച പേരും വിഎസ് ജോയിയുടേതായിരുന്നു.
നിലമ്പൂരിൽ മലയോര ജനതയുടെ പ്രശ്നങ്ങൾ അറിയുന്ന വിഎസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു അന്ന് പിവി അൻവർ ആവശ്യപ്പെട്ടത്. മലയോര ജനത അനുഭവിക്കുന്ന വന്യജീവി പ്രശ്നം ഉൾപ്പടെയുള്ളവയെ കുറിച്ച് കൃത്യമായി അറിയുന്നയാളാണ് വിഎസ് ജോയ്. വിഎസ് ജോയി താനുമായി വന്യജീവി പ്രശ്നം നിരന്തരമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം രാജിയ്ക്കിടെ പറഞ്ഞിരുന്നു.

















































