ജർമൻ സ്‌പോർട്‌സ് വെയർ ബ്രാൻഡായ പ്യൂമയുമായുള്ള കരാർ അവസാനിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി. 2017-ൽ ആരംഭിച്ച എട്ടു വർഷത്തെ കരാർ അവസാനിച്ചതോടെ ഇനി പുതുക്കേണ്ടതില്ലെന്നു കോലി തീരുമാനിക്കുകയായിരുന്നു. പകരം സ്വന്തം ലൈഫ്‌സ്റ്റൈൽ ബ്രാൻഡായ ‘വൺ8’ ശക്തിപ്പെടുത്താനാണ് കോലിയുടെ തീരുമാനമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം കരാർ പുതുക്കുന്നതിനായി പ്യൂമ നൽകിയ 300 കോടി രൂപയുടെ ഓഫർ കോലി നിരസിച്ചെന്നാണ് പുതിയ റിപ്പോർട്ട്.
2017ൽ പ്യൂമയുടെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിക്കുന്നതിനായി എട്ടു വർഷത്തെ കരാറിലാണ് കോലി ഒപ്പുവെച്ചത്. 110 കോടി രൂപയുടെ കരാറായിരുന്നു അന്ന് ഉണ്ടാക്കിയത്. എന്നാൽ ഇപ്പോൾ അതിന്റെ മൂന്നിരട്ടി മൂല്യമുള്ള കരാറാണ് കോലി നിരസിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ പറയുന്നു. കോലി അംബാസിഡറായതോടെ രാജ്യത്തെ ഏറ്റവും വലിയ സ്‌പോർട്‌സ് വെയർ നിർമാതാക്കളായി പ്യൂമ ഇന്ത്യ മാറിയിരുന്നു.
അതേസമയം പ്യൂമയുമായി പിരിഞ്ഞ കോലി പകരം സ്പോർട്സ് വെയർ സ്റ്റാർട്ടപ്പ് കമ്പനിയായ അജിലിറ്റാസുമായി സഹകരിക്കാൻ പോകുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പ്യൂമ ഇന്ത്യയുടെയും സൗത്ത്- ഈസ്റ്റ് ഏഷ്യ മാനേജിംഗ് ഡയറക്ടറുമായിരുന്ന അഭിഷേക് ഗാംഗുലി 2023-ൽ സ്ഥാപിച്ച കായിക വസ്ത്ര നിർമ്മാണ കമ്പനിയാണ് അജിലിറ്റാസ്. ബെംഗളൂരുവാണ് അജിലിറ്റാസിന്റെ ആസ്ഥാനം. അജിലിറ്റാസിൽ കോലി നിക്ഷേപകനായി മാറുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. എങ്കിലും സ്വന്തം ബ്രാൻഡായ വൺ8-നെ ആഗോളവത്കരിക്കുക എന്നതിലാകും കോലിയുടെ പ്രധാന ശ്രദ്ധയെന്നും പറയുന്നു.