ദുബായ്: ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും സംസ്‌കാരം സംബന്ധിച്ച് എത്രയും പെട്ടെന്നു ഇന്ത്യൻ കോൺസുലേറ്റ് ഇടപെടണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ. കുഞ്ഞിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകീട്ട് തന്നെ സംസ്‌കരിക്കുമെന്ന് നിധീഷിന്റെ ബന്ധുക്കൾ അറിയിച്ചു. എന്നാൽ, രണ്ടുപേരുടെയും മൃതദേഹം നാട്ടിൽകൊണ്ടുപോയി സംസ്‌കരിക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അതിനായി ബന്ധപ്പെട്ടവർ എത്രയും പെട്ടെന്നു ഇടപെടണമെന്നും അവർ പറഞ്ഞു.
തന്റെ കുഞ്ഞിന്റെ മൃതദേഹം വിദേശത്ത് സംസ്‌കരിക്കേണ്ട. നാട്ടിൽ സംസ്‌കരിക്കണം. ഒന്നുകിൽ നിധീഷിന്റെ വീട്ടിലോ അല്ലെങ്കിൽ തന്റെ വീട്ടിലോ സംസ്‌കരിക്കണം. നാട്ടിൽ നിധീഷിന്റെ വീട്ടിൽ സംസ്‌കാരിച്ചാലും വിഷമമില്ല. നാട്ടിൽ വേണമെന്നേയുള്ളൂ. രണ്ടുപേരുടെയും മൃതദേഹം നാട്ടിലെത്തിക്കണം. ജനിച്ച മണ്ണിൽ അവരെ സംസ്‌കരിക്കണം. അതിന് അനുവദിക്കണം. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഷൈലജ പറഞ്ഞു.
ജൂലായ് എട്ടിന് രാത്രിയായിരുന്നു കൊല്ലം കൊറ്റംകര കേരളപുരം സ്വദേശിനി രജിത ഭവനിൽ വിപഞ്ചിക മണിയൻ (33), മകൾ വൈഭവി നിധീഷ് (ഒന്നര) എന്നിവരെ അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ജീവനൊടുക്കിയെന്നാണ് നിഗമനം.
ദുബായിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ഫയലിങ് ക്ലാർക്കായിരുന്നു വിപഞ്ചിക. ദുബായിൽത്തന്നെ ജോലിചെയ്യുന്ന കോട്ടയം നാൽക്കവല സ്വദേശി നിധീഷ് വലിയവീട്ടിലാണ് ഭർത്താവ്. ഇരുവരും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഏഴുവർഷമായി വിപഞ്ചിക യുഎഇയിലാണ് ജോലി ചെയ്യുന്നത്. നാലരവർഷം മുൻപായിരുന്നു വിവാഹം. നിധീഷിന്റെയും ഭർതൃ കുടുംബാംഗങ്ങളുടെയും കൊടിയപീഡനം കാരണമാണ് വിപഞ്ചിക ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. നിധീഷിൽനിന്നും ഇയാളുടെ പിതാവ്, സഹോദരി എന്നിവരിൽനിന്നും നേരിട്ട പീഡനങ്ങളെക്കുറിച്ച് വിപഞ്ചിക എഴുതിയ ആത്മഹത്യാക്കുറിപ്പും പുറത്തുവന്നിരുന്നു. ഇതോടെ നിധീഷിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിരുന്നു.