ഒരു സിനിമ സെറ്റിൽ വച്ച് നടൻ ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകരോടും മോശമായി പെരുമാറിയിട്ടുണ്ടെന്ന് നടി വിൻസി അലോഷ്യസ്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലാണ് വിൻസി ഇക്കാര്യം തുറന്നുപറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള ആളുകൾക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന തന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് വിൻസി ഇക്കാര്യം വ്യക്തമാക്കിയത്. എന്തുകൊണ്ടാണ് താൻ ആ പ്രസ്താവന നടത്തിയതെന്നതിനെക്കുറിച്ചും തനിക്കുണ്ടായ അനുഭവവും വിൻസി വിവരിക്കുന്നു. താൻ വ്യക്തത വരുത്തുന്നത് തനിക്കെതിരെ പോസ്റ്റുമായെത്തിയതു കൊണ്ടാണെന്നും പറയുന്നു.
വിൻസിയുടെ വാക്കുകളിലേക്ക്-
‘എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഞാൻ സിനിമ ചെയ്യില്ലെന്നാണ് പറഞ്ഞത്. ഇക്കാര്യം മാദ്ധ്യമങ്ങളിൽ വാർത്തയായി വന്നപ്പോൾ അതിന്റെ താഴെ വന്ന കമന്റുകൾ വായിച്ചപ്പോഴാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് തീരുമാനിച്ചത്. പലതരം കാഴ്ചപ്പാടാണ് ആളുകൾക്കുള്ളതെന്ന് കമന്റുകൾ വായിച്ചപ്പോഴാണ് എനിക്ക് മനസിലായത്. അതിന്റെ കാരണം പറഞ്ഞാൽ ആളുകൾക്ക് പല കഥകൾ ഉണ്ടാക്കേണ്ടതില്ലല്ലോ?
ഞാൻ ഒരു സിനിമയുടെ ഭാഗമായപ്പോൾ ആ സിനിമയിലെ പ്രധാന താരത്തിൽ നിന്നും നേരിടേണ്ടി വന്ന അനുഭവമാണ് ആ പ്രസ്താവനയ്ക്ക് കാരണം. അയാൾ ലഹരി ഉപയോഗിച്ച് മോശമായ രീതിയിൽ പറഞ്ഞാലും മനസിലാവാത്ത രീതിയിൽ എന്നോടും സഹപ്രവർത്തകരോടും പെരുമാറി. മോശമെന്ന് പറയുമ്പോൾ, എന്റെ വസ്ത്രത്തിൽ ഒരു പ്രശ്നം ഉണ്ടായപ്പോൾ അത് ശരിയാക്കാൻ പോയപ്പോൾ ഞാനും വരാം, ഞാൻ വേണമെങ്കിൽ റെഡിയാക്കിത്തരാം എന്നൊക്കെ പറയുന്ന രീതിയിലേക്കായി. എല്ലാവരുടെയും മുന്നിൽവച്ച് പറയുന്നരീതിയിലുള്ള പെരുമാറ്റം ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അയാളുമായി സഹകരിച്ച് മുന്നോട്ടുപോകുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു.
വേറൊരു സംഭവം കൂടി പറയുകയാണെങ്കിൽ, ഒരു സീൻ പ്രാക്ടീസ് ചെയ്യുമ്പോൾ ഈ നടൻ വെളുത്ത നിറത്തിലുള്ള പൊടി തുപ്പുകയാണ്. സിനിമ സെറ്റിൽ ഇതുപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതിന്റെ ദൂഷ്യഫലങ്ങളൊക്കെ മറ്റു വശങ്ങളാണ്. സിനിമ സെറ്റിൽ ലഹരി ഉപയോഗിച്ച് അതൊരു ശല്യമായി മാറുമ്പോൾ അവർക്കൊപ്പം ജോലി ചെയ്യുന്നത് അത്ര സുഖമല്ല. എനിക്ക് അങ്ങനെ ജോലി ചെയ്യാൻ താൽപര്യമില്ല. എന്റെ വ്യക്തിപരമായ അനുഭവം കൊണ്ട് ഞാൻ എടുക്കുന്ന തീരുമാനമാണത്. ഞാൻ അൺകംഫോർട്ടബിൾ ആയത് സെറ്റിൽ എല്ലാവരും അറിയുകയും സംവിധായകൻ അയാളോട് സംസാരിക്കുകയും ചെയ്തു.
പ്രധാന താരമായി തിരഞ്ഞെടുത്ത ആളാണ്. അവർക്ക് എങ്ങനെയെങ്കിലും ഈ സിനിമ തീർക്കണമല്ലോ. ആ ഒരു നിസഹായാവസ്ഥയും ഞാൻ കണ്ടിട്ടുണ്ടായിരുന്നു. പ്ലീസ് എന്ന് എല്ലാവരും പറഞ്ഞ് എന്നെ കംഫർട്ടാക്കിയാണ് ആ സിനിമ തീർത്തത്. സിനിമ പക്ഷേ നല്ലതായിരുന്നു. പക്ഷേ ആ വ്യക്തിയിൽനിന്നുണ്ടായ അനുഭവം അങ്ങനെയല്ലായിരുന്നു. അതിന്റെ പേരിലാണ് ഞാൻ ആ തീരുമാനമെടുക്കുന്നത്. അതിന്റെ ഭാഗമായി ഓരോരോ വ്യാഖ്യാനങ്ങളാണ് ആളുകളിൽനിന്നുണ്ടാവുന്നത്.
എങ്കിലും അതിനെ നല്ല രീതിയിലെടുത്ത എല്ലാവരോടും നന്ദിയുണ്ട്. എന്തിനേയും കളിയാക്കുന്ന മറുവിഭാഗമുണ്ടല്ലോ. നിനക്കെവിടെയാണ് സിനിമ? സിനിമ ഇല്ലാത്തതുകൊണ്ട് ഈ കാരണവും പറഞ്ഞ് സിനിമയിൽനിന്ന് പുറത്തായി എന്ന് വരുത്തിത്തീർക്കാനുള്ള ബുദ്ധിയല്ലേ ഇത് എന്നെല്ലാം പറയുന്നവർക്കുള്ള മറുപടിയാണിത്.