ചെന്നൈ: കരൂർ ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സ്വതന്ത്ര അന്വേഷണമെന്നുവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ഹർജി നാളെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് പരിഗണിക്കും. ഇന്ന് ഉച്ചയോടെയാണ് ടിവികെ ഹൈക്കോടതിയിൽ ഹർജി നൽകിയത്.
കരൂർ ദുരന്തത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് ഹർജിയിലെ പ്രധാന ടിവികെയുടെ ആരോപണം. കൂടാതെ റാലിക്കിടെ പോലീസ് ലാത്തിവീശിയെന്നും ദുരന്തം നടക്കുന്നതിന് മുമ്പ് റാലിക്കുനേരെ കല്ലേറുണ്ടായെന്നും ടിവികെ കോടതിയിൽ ആരോപിച്ചു. ദുരന്തത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യങ്ങളടക്കം സ്വതന്ത്രമായി അന്വേഷിക്കണമെന്നുമാണ് ടിവികെയുടെ ആവശ്യം. ടിവികെയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി നാളെ പരിഗണിക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.
കോടതി തീരുമാനത്തിനുശേഷം തുടർനടപടിയെടുക്കുമെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു. അതേസമയം, വിജയ് കരൂരിലെത്തുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ടിവികെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി നിർമൽ കുമാർ പ്രതികരിച്ചില്ല. ഇതിനിടെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൻറെ തുടർനടപടികളുടെ ഭാഗമായി പൊലീസ് ഉന്നത ഉദ്യോഗസ്ഥർ അടിയന്തര യോഗം ചേർന്നു. ക്രമസമാധാന ചുമതലയുള്ള തമിഴ്നാട് എഡിജിപി എസ്‍ ഡേവിഡ്സണിൻറെ നേതൃത്വത്തിലാണ് കരൂരിൽ യോഗം നടക്കുന്നത്. ആറ് എസ്‍പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് യോഗം ചേരുന്നത്.
വിജയ് യുടെ റാലിയിലുണ്ടായ ദുരന്തത്തിൽ 39പേരാണ് മരിച്ചത്. സംഭവത്തിൽ ടിവികെ സംസ്ഥാന നേതാക്കൾക്കെതിരെ അടക്കം പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയപ്രേരിതമായ നടപടി ഉണ്ടാകില്ലെന്നാണ് സ്റ്റാലിൻ രാവിലെ വ്യക്തമാക്കിയത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് വിജയ് 20 ലക്ഷം രൂപയും തമിഴ്നാട് സർക്കാർ 10 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.