ന്യൂയോര്‍ക്ക്: കായികമായ ആക്രമണത്തെക്കാള്‍ വാക്കുകള്‍ കൊണ്ടുള്ള മുറിവേറ്റു ജീവിക്കുന്നവരെ സമൂഹത്തില്‍ ധാരാളം കാണാം. ചങ്കു തുളച്ചുകയറുന്ന രൂക്ഷമായ ആക്രമണമാകും നാക്കുകൊണ്ട് ഇവര്‍ എയ്തുവിടുന്നത്. അത് എവിടെയൊക്കെ ചെന്നു തറയ്ക്കുമെന്ന് അറിയണമെങ്കില്‍ കുടുംബങ്ങളിലേക്കു നോക്കിയാല്‍ മതി. കലിപ്പന്റെ കാന്താരിയെന്നൊക്കെ പറയാമെങ്കിലും ജീവിതത്തില്‍ സംഭവിക്കുമ്പോള്‍ ഇതുണ്ടാക്കുന്ന ട്രോമ വലുതാണ്.
എന്തുകൊണ്ടാണിതു സംഭവിക്കുന്നത് എന്നതില്‍ കഴിഞ്ഞ 20 വര്‍ഷമായി നടത്തിയ പഠനം അടുത്തിടെ കേംബ്രിഡ്ജ് യൂണിവേഴ്‌സ്റ്റി പ്രസ് നടത്തിയ പഠനത്തിലൂടെ പുറത്തുവിട്ടു. മുതിര്‍ന്നവര്‍ക്കിയിടയിലെ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്ന ‘വെര്‍ബല്‍ അഗ്രഷന്റെ’ വേരുകള്‍ കിടക്കുന്നത് അച്ഛന്‍മാരിലേക്കും കൗമാരക്കാലത്തു അടുത്ത സുഹൃത്തുക്കളുമായി നടത്തിയ വഴക്കുകളിലേക്കുമാണ്.
മറ്റുള്ളവരെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടു നിന്ദിക്കുക, ഭീഷണിപ്പെടുത്തുക, മോശം വാക്കുകള്‍ ഉപയോഗിക്കുക, അലറുക എന്നിവയെയൊക്കെയാണു വെര്‍ബല്‍ അഗ്രഷന്റെ പട്ടികയില്‍ പെടുത്തുന്നത്. കുടുംബത്തിലും മറ്റുമുള്ള വ്യക്തിബന്ധങ്ങള്‍ക്കിടയിലാണ് ഇത് ഏറ്റവും കൂടുതല്‍ സംഭവിക്കുന്നത്. സൗഹൃദങ്ങള്‍, തൊഴിലിടങ്ങള്‍, റൊമാന്റിക് ബന്ധങ്ങള്‍ എന്നിവിടങ്ങളിലും സാധാരണം.
ദേഹത്തു മുറിവുണ്ടാക്കില്ലെങ്കിലും ഇത് മാനികാരോഗ്യത്തിലുണ്ടാക്കുന്ന മുറിവുകള്‍ വലുതാണ്. ആകാംക്ഷ, ആത്മാഭിമാന ക്ഷതം, വൈകാരിക ആഘാതം എന്നിവ വിവരണാതീതമാണ്. കുട്ടിക്കാലത്തോ അല്ലെങ്കില്‍ കൗമാരത്തിലോ ഇത്തരം വെര്‍ബല്‍ അഗ്രഷനു സാക്ഷിയാകുന്നവരില്‍ ഇത്തരം സ്വഭാവം ഭാവിയില്‍ ഉണ്ടാകുന്നുണ്ടെന്നാണു കണ്ടെത്തല്‍. പഠനത്തില്‍ പങ്കെടുത്തവരുടെ കുടുംബത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ടെന്നു കണ്ടെത്തി.
13 വയസുമുതല്‍ 33 വയസുവരെ പഠനത്തില്‍ ഉള്‍പ്പെടുത്തിയവരെ നിരീക്ഷിച്ചു. ഇതില്‍ 69 പേര്‍ സ്ത്രീകളായിരുന്നു. എല്ലാവരും ഗ്രാമ-നഗര പ്രദേശങ്ങളില്‍നിന്നുള്ളവരായിരുന്നു. ഇവരുടെ പങ്കാളികളോടുള്ള പെരുമാറ്റം നിരീക്ഷിച്ചത് 24 മുതല്‍ 33 വയസിന് ഇടയിലായിരുന്നു. അമ്മയോടുള്ള കുടുംബത്തിലെ പിതാവിന്റെ ആക്രോശങ്ങള്‍ ഭാവിയില്‍ കുട്ടികളെയും ബാധിക്കുന്നുണ്ടെന്നും കുട്ടിക്കാലത്തെ വഴക്കുകളും ഭാവി ബന്ധങ്ങളിലേക്കു നാം കൂടെക്കൂട്ടാറുണ്ടെന്നും പഠനം പറയുന്നു.