ആലപ്പുഴ: മുസ്ലിം ലീഗ് തന്നെ ജാതി കോമരമാക്കി മാറ്റിയെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപിയെ തകർക്കാനോ പിളർത്താനോ കഴിയില്ല. നായർ ഈഴവ ഐക്യമല്ല, നായാടി തൊട്ട് നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് വർത്തമാന കാലത്ത് വേണ്ടത്. ഈ ആശയവുമായി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശൻ. ലീഗിന് എസ്എൻഡിപിയെ അവരുടെ കാൽക്കൽ കെട്ടണമെന്നാണ് മോഹം. കിട്ടാതെ വന്നപ്പോൾ സമുദായത്തെ തകർക്കാനും ഭിന്നിപ്പിക്കാനും നോക്കുന്നു. ഞങ്ങളുടെ ആളുകൾ തന്നെ വിലയ്ക്ക് എടുത്ത് ഞങ്ങൾക്കെതിരാക്കി. ഒളിഞ്ഞും തെളിഞ്ഞും മുസ്ലീം ലീഗിലെ ചില നേതാക്കൾ തനിക്കെതിരെ പ്രവർത്തിക്കുന്നു. ബിഡിജെഎസിനോട് ബിജെപി നീതി പുലർത്തിയില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
പിണറായി ഒന്നുമില്ലാത്ത ഗണേഷ് കുമാറിനെ പോലും മന്ത്രിയാക്കിയില്ലേ. പിണറായി കൂടെ നിന്നവർ മോശക്കാർ ആണെങ്കിലും നല്ലവരാണെങ്കിലും അവസരം കൊടുത്തു. ബിഡിജെസിന് വേണ്ടത്ര പരിഗണനയും പരിരക്ഷയും ബിജെപി കൊടുത്തില്ല. അതിനു കാരണം ബിഡിജെസിന് അവർ വിചാരിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതാണ്. ഗവർണർ ആക്കിയപ്പോൾ പോലും ഒരു പിന്നോക്ക വിഭാഗത്തെ പരിഗണിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.
കൂടാതെ തനിക്ക് ‘മ’ എന്ന് പറയാൻ പറ്റില്ല. മ എന്ന് പറഞ്ഞാൽ മലപ്പുറമായി മുസ്ലിമായി. ഈ രണ്ടക്ഷരവും മിണ്ടിപ്പോയാൽ വർഗീയതയായി. ഞാൻ മതവിദ്വേഷം പരത്തുന്ന ഒന്നും പറഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. എന്നെ വെറുതെ വിടാൻ മുസ്ലിം ലീഗ് തയ്യാറാകുന്നില്ല. മുസ്ലിം ലീഗ് ആക്രമിക്കുന്നത് അവരുടെ അടിമയായി നിൽക്കാത്തത് കൊണ്ടാണ്. മുസ്ലിംലീഗ് തന്നെ അറവുശാലയിൽ കൊണ്ടുപോയി കെട്ടാൻ ശ്രമിക്കുന്നു. അവർ അവരുടെ സമ്പന്നൻമാർക്കെല്ലാം പങ്കിട്ടു നൽകി. ഒന്നും തരാത്തത് തുറന്നു പറഞ്ഞാൽ അത് മതവിദ്വേഷം ആണോയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിക്കുന്നു. തന്നെ മുസ്ലിം വിരോധിയാക്കി ചോര കുടിക്കുന്നു. സാമൂഹിക നീതി ഞങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. സത്യം പറയുമ്പോൾ കല്ലെറിയരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് പതിറ്റാണ്ട് സാമുദായിക നീതിക്ക് വേണ്ടി പോരാടാൻ ശ്രമിച്ചു. ഒരു പരിധിവരെ സമുദായത്തെ കുടക്കീഴിൽ ആക്കാൻ കഴിഞ്ഞു. അതിൽ തികഞ്ഞ സംതൃപ്തിയുണ്ട്. ഈഴവർക്ക് ഇതുവരെ സാമൂഹിക നീതി ലഭിച്ചിട്ടില്ല. ഈഴവർ കേരളത്തിൽ ഇന്നും അവഗണിക്കപ്പെട്ട വിഭാഗമായി നിൽക്കുന്നു. ചില സമുദായങ്ങൾ സംഘടിതമായി വോട്ട് ബാങ്കായി നിന്ന് അധികാരത്തിൽ പ്രവേശിച്ചു. സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാൻ അധികാരം പങ്കിട്ടു. അപ്പോഴും ഈഴവ സമുദായം നോക്കുകുത്തിയായി. എസ്എൻഡിപി ഒരു സമര സംഘടനയാണ്. ജാതിയുടെ പേരിൽ നീതി നഷ്ടമായ സമുദായമാണ് എസ്എൻഡിപി. അത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.