ആലപ്പുഴ: മാധ്യമ പ്രവർത്തകനെതിരായ വിദ്വേഷ പരാമർശം ആവർത്തിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകനെ മതതീവ്രവാദിയെന്ന് പറയാതിരുന്നത് തെറ്റായി പോയെന്നും താൻ പറഞ്ഞ കാര്യങ്ങളിൽനിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്നെ പച്ചയായി പിച്ചിക്കീറി തിന്നാൽ ചില മാധ്യമങ്ങൾ മത്സരിക്കുകയാണ്. ഇതിനു മാത്രം എന്തു തെറ്റാണ് താൻ ചെയ്തത്. നട്ടുച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് തന്നെ നടുറോഡിൽ നിർത്തി, 89കാരനായ തന്നെ പോസ്റ്റ്‌മോർട്ടം ചെയ്യുകയായിരുന്നു. ഇതാണോ മര്യാദ?. പറഞ്ഞിട്ട് കേൾക്കാതെ വന്നതോടെയാണ് മൈക്ക് തട്ടിയത്. അല്ലാതെ ചവിട്ടിയില്ലല്ലോ… അതിനുടനെ കലിതുള്ളി. മതതീവ്രവാദിയെന്ന് താൻ പറഞ്ഞില്ല. അത് പറയാതെ പോയതാണ് അബദ്ധമെന്ന് തോന്നി. തീവ്രവാദിയെന്ന് ഇനിയും പറയും. അഭിപ്രായം പറഞ്ഞതിൽ നിന്ന് ഒരിഞ്ച് മാറില്ല. പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ്.ചങ്ങനാശേരിയിൽ ചെന്ന് ഇങ്ങനെ കാണിക്കുമോ?. ചങ്ങനാശേരിയിൽ കയറ്റുമോ, അവിടെ ചെന്ന് പറയാൻ തൻറേടമുണ്ടോ?. ഒരു പിന്നാക്ക സമുദായക്കാരനായിപ്പോയി എന്നതുകൊണ്ട് തന്നോട് എന്തും ആകാമെന്നാണോ ചിന്ത? വെള്ളാപ്പള്ളി ചോദിച്ചു.
അതുപോലെ മുസ്‌ലിം ലീഗിന്റെ നേതാവ് മതമാണ് പ്രശ്‌നം എന്നു പറഞ്ഞപ്പോൾ ആരും മിണ്ടിയില്ല. എന്നാൽ താൻ മതവിദ്വേഷം പരത്തുന്ന ആളായി. പിന്നാക്ക സമുദായ മുന്നണി എന്നുപറഞ്ഞ് ലീഗിനൊപ്പം നിന്നു. ലീഗിന് സമരം നടത്താൻ പണം നൽകിയത് എസ്എൻഡിപിയാണ്. എൽഡിഎഫിനെ താഴെയിറക്കി യുഡിഎഫിനെ ഭരണത്തിൽ കയറ്റാൻ എസ്എൻഡിപി അല്ലേ നിന്നത്. ലീഗ് ചെയ്തത് ചതിയല്ലേ.
ഈഴവർക്ക് കേരളം മൊത്തത്തിൽ 18 കോളേജ് മുസ്‌ലിം സമുദായത്തിന് മലപ്പുറത്ത് മാത്രം 48 ആണ്- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
അതേസമയം കോൺഗ്രസ് നേതാവ് എം ലിജുവിനെ വേദിയിൽ ഇരുത്തി യൂത്ത് കോൺഗ്രസിനെതിരേയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. കരിയോയിൽ ഒഴിക്കുമെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. ലിജുവിന് ഈ വേദിയിൽ വെച്ച് അത് പറയാൻ കഴിയുമോ എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി.

















































