തിരുവനന്തപുരം; മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേവലം വോട്ടുകിട്ടാനായി മതേതരത്വത്തിൽ വെള്ളം ചേർക്കില്ലെന്ന് വാക്ക് തരുന്നു. വർഗീയതയ്ക്ക് തീപ്പിടിപ്പിക്കാൻ ഒരു തീപ്പൊരി വീഴാൻ കാത്തിരിക്കുകയാണ് ചിലർ. അവിടെ മതേതരത്വം ഉയർത്തിപിടിക്കുകയാണ് മുജാഹിദ് പ്രസ്ഥാനമെന്നും വി ഡി സതീശൻ പറഞ്ഞു. കേരള ജംഈയത്തുൽ ഉലമ 100ാം വാർഷിക ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎൽഓയുടെ ആത്മഹത്യ ഗൗരവമായി അന്വേഷിക്കണം. ബിഎൽഓമാർ നേരിടുന്നത് അമിതമായ ജോലി ഭാരം. സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും അന്വേഷിച്ച് മറുപടി പറയണം. കമ്മീഷൻ എടുക്കുന്നത് ഏകാധിപത്യ സമീപനം. രാഷ്ട്രീയ പാർട്ടികൾ എല്ലാം എതിർത്തിട്ടും കമ്മീഷൻ കേട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
എസ്ഐആർ കേന്ദ്രം അടിച്ചേൽപ്പിച്ചതാണ്. നിയമസഭ തെരഞ്ഞെടുപ്പിനെക്കാൾ വലിയ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി അന്വേഷണം നടത്തണം. മുകളിൽ നിന്നുള്ള സമ്മർദത്തിലാണ് പല ബിഎൽഒമാരുമെന്നും വി ഡി സതീശൻ പറഞ്ഞു.
അതേസമയം ബിഎൽഓ അനീഷ് ജോർജ് ജീവനൊടുക്കിയത് സിപിഐഎം ഭീഷണിയെ തുടർന്നെന്ന് കോൺഗ്രസ് ആരോപിച്ചു. അനീഷിനെ സഹായിക്കാൻ കൂടെ പോയ കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റിനെ വിലക്കിയെന്നും തല്ലിക്കൊല്ലുമെന്ന് എന്ന് ഭീഷണിപ്പെടുത്തിയെന്നും ഡിസിസി ജനറൽ സെക്രട്ടറി രജിത് നാറാത്ത് പറഞ്ഞു.
ഇതിന്റെ ഡിജിറ്റൽ തെളിവുകൾ പുറത്തുവിടുമെന്നും രജിത് നാറാത്ത് കൂട്ടിച്ചേർത്തു. കോൺഗ്രസ് ബൂത്ത് ലെവൽ ഏജൻ്റ് ആയ വൈശാഖ് അനീഷിനെ സഹായിക്കാൻ കൂടെ പോയിരുന്നു. വൈശാഖിനെ കൂടെ കൊണ്ടു പോകരുത് എന്ന് സിപിഐഎം നേതാക്കൾ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.
പയ്യന്നൂർ മണ്ഡലം 18-ാം ബൂത്ത് ബിഎൽഒ അനീഷ് ജോർജ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടുകാർ പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. എസ്ഐആർ ജോലിസമ്മർദം കാരണമാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് സംശയം. ജോലി സമ്മർദത്തെക്കുറിച്ച് നേരത്തെ ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു.

















































