തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആശാവർക്കർമാരുടെ ആവശ്യത്തിൽ തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വാക്ക്. സെക്രട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാർ നടത്തിയ സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെക്രട്ടറിയേറ്റിന് മുന്നിൽ 266 ദിവസം നീണ്ടുനിന്ന ആശാ വർക്കർമാരുടെ രാപ്പകൽ സമരത്തിനാണ് ഇതോടെ സമാപനമായത്.
അതുപോലെ ന്യായമായ ആവശ്യങ്ങൾക്കായി ആശമാർ നടത്തുന്ന സമരം സുവർണലിപികളിൽ എഴുതിച്ചേർക്കപ്പെടും. സിനിമകളിലെ മുതലാളിമാരെ വെല്ലുന്ന സ്വഭാവമാണ് ഭരണകൂടത്തിന്. ആശ സമരത്തിനോട് ക്രൂരത കാണിച്ച പിണറായി സർക്കാറിനെ കേരള ജനത താഴെയിറക്കും. ആശമാരുടെ പ്രശ്‌നങ്ങളും പരാതികളും നിയമസഭയിൽ പ്രതിപക്ഷം പലതവണ ഉന്നയിച്ചു. സമരത്തിൽ പങ്കെടുക്കുന്നവരെ സർക്കാർ അവഗണിക്കുകയും പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇത് കേരളത്തിലെ സ്ത്രീകളുടെ സമരമാണ്. ഭരണത്തിലിരിക്കുന്നവർ ആരോപിക്കുന്നതുപോലെ ആശ വർക്കർമാർ മാവോവാദികളായാലും അർബർ നക്സലുകളായാലും പ്രതിപക്ഷം അവർക്കൊപ്പമാണ്. ഈ പോരാട്ടത്തിൽ ആശമാർ ഒറ്റക്കല്ല. ആശ വർക്കർമാരെ മറക്കുന്നവരെ കേരളം പാഠംപഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.ആശാ വർക്കർമാരുടെ സമര പന്തലിലേക്ക് രാഹുൽ മാങ്കൂട്ടത്തിലും എത്തിയിരുന്നു.
അതേസമയം സെക്രട്ടറിയറ്റ് പടിക്കലെ സമരം അവസാനിപ്പിച്ച ആശമാർ സമരം ജില്ലാതലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓണറേറിയം 21000 രുപയായി വർദ്ധിപ്പിക്കുകയും വിരമിക്കൽ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് തീരുമാനം. കൂടാതെ സമരം ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10ന് തിരുവനന്തുപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ആശമാരുടെ ഓണറേറിയം 1000 രൂപ പ്രഖ്യാപിച്ചത് നേട്ടമാണെന്ന് വിലയിരുത്തിയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം അവസാനിപ്പിച്ചത്.

















































