കൊച്ചി: വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച വ്യക്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മതേതരത്വത്തെപ്പറ്റി പ്രസംഗിക്കാൻ എളുപ്പമാണ്. എന്നാൽ അത് പറയാനുള്ള അവകാശം മുഖ്യമന്ത്രിക്ക് ഇല്ലെന്നും സതീശൻ കുറ്റപ്പെടുത്തി.
സംഘപരിവാറിന് പറവൂരിൽ വോട്ടില്ല. അവരുടെ സഹായമില്ലാതെയാണ് പറവൂരിൽ നല്ല മാർജിനിൽ താൻ ജയിക്കുന്നതെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ തോറ്റാലും വർഗീയതയ്ക്ക് എതിരെ പോരാടും. വർഗീയതയോട് പോരാടി മരിച്ചുകിടന്നാലും വീരാളിപ്പട്ട് ധരിച്ചു കിടക്കും. താൻ വെള്ളാപ്പള്ളിയെ ലക്ഷ്യം വച്ചിട്ടില്ല. വർഗീയതയെ ആണ് ലക്ഷ്യം വച്ചത്.
അതുപോലെ വർഗീയവാദിയാണെന്ന് താൻ പറഞ്ഞിട്ടില്ല. വർഗീയവാദം പറയരുതെന്നാണ് പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. എന്തിനാണ് ലീഗിനെ വലിച്ചിഴയ്ക്കുന്നത്. എൻഎസ്എസും എസ്എൻഡിപിയും തമ്മിലുള്ള ഐക്യത്തെ ലീഗ് എങ്ങനെയാണ് തകർക്കുന്നത് ?മുസ്‍ലിം ലീഗിന്റെയും കോൺഗ്രസിന്റെയുമൊക്കെ ശബ്ദം ഒന്നാണ്. ഞങ്ങൾ ടീം യുഡിഎഫാണ്. എല്ലാവരും ഒരുമിച്ചു നിൽക്കണം. സിപിഎമ്മും ബിജെപിയും കേരളത്തിൽ വ്യാപകമായി വർഗീയത പ്രചരിപ്പിക്കുകയാണ്. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ നേതാവായ വെള്ളാപ്പള്ളി അവരുടെ ഉപകരണമായി മാറരുത്. മതേതര കേരളം ഞങ്ങളുടെ കൂടെ നിൽക്കും. കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും മതേതരവാദികളാണ്. അവർക്കിടയിൽ കുറേ സമുദായ നേതാക്കളാണ് ഭിന്നത സൃഷ്ടിക്കുന്നത്. വിദ്വേഷ പ്രചാരണം നടത്തുന്ന എല്ലാവർക്കും കേരളം ചുട്ട മറുപടി കൊടുക്കും’’ – വി.ഡി. സതീശൻ പറഞ്ഞു.















































