ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ പ്രായം കുറഞ്ഞ സെഞ്ചൂറിയൻ, വണ്ടർകിഡ് വൈഭവ് സൂര്യവംശി ഓരോ നിമിഷവും ആരാധകരേയും സഹതാരങ്ങളേയും അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സെഞ്ചുറി നേട്ടവുമായി ചരിത്രമെഴുതിയതിനു പിന്നാലെ, നെറ്റ്സിൽ പന്തുകൊണ്ടും വിസ്മയം തീർക്കുകയാണ് രാജസ്ഥാൻ റോയൽസിന്റെ ഈ പതിനാലുകാരൻ. നെറ്റ്സിൽ പരിശീലനത്തിനിടെ വൈഭവ് സൂര്യവംശിയുടെ ബോളിങ്ങിൽ സ്റ്റംപ് രണ്ടായി ഒടിയുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇതുകണ്ട് ടീമിലെ സഹതാരങ്ങളും സപ്പോർട്ട് സ്റ്റാഫും വിസ്മയും അന്തംവിട്ടു നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പരിശീലനത്തിനിടെയുള്ള സൂര്യവംശിയുടെ മാസ്മരിക ബോളിങ്ങ് രാജസ്ഥാൻ തന്നെയാണു സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. ഇന്ന് ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനിരിക്കെ, മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് വൈഭവ് പന്തുകൊണ്ടും മായാജാലം തീർത്തത്. അതേസമയം 14–ാം വയസിൽത്തന്നെ ഞെട്ടിക്കുന്ന പ്രകടനവുമായി ക്രിക്കറ്റ് ലോകത്ത് ശ്രദ്ധേയനായ വൈഭവ് സൂര്യവംശിയുടെ കാര്യത്തിൽ ടീം മാനേജ്മെന്റ് പ്രത്യേക കരുതലെടുക്കുന്നുണ്ടെന്ന് രാജസ്ഥാൻ റോയൽസിന്റെ ബോളിങ് പരിശീലകൻ ഷെയ്ൻ ബോണ്ട് പറയുന്നു.
‘‘ ചെറിയ കുട്ടിയായ വൈഭവിന്റെ കാര്യത്തിൽ കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കാനോ സങ്കീർണതകൾ സൃഷ്ടിക്കാനോ പരിശീലക സംഘം ശ്രമിക്കുന്നില്ല. കളത്തിലിറങ്ങുമ്പോൾ സ്വതന്ത്രമായി കളിക്കാനുള്ള അനുവാദമാണ് വൈഭവിന് നൽകിയിരിക്കുന്നത്. ഇതുവരെ അദ്ദേഹം തന്റെ ഉത്തരവാദിത്തം നന്നായിത്തന്നെ നിർവഹിച്ചിട്ടുണ്ട്. ഒരു 14 വയസുകാരനെ സംബന്ധിച്ച് അതു തന്നെ വലിയ കാര്യമാണ്’ – ഷെയ്ൻ ബോണ്ട് പറഞ്ഞു.
‘‘പക്ഷെ കഴിഞ്ഞ മത്സരത്തിൽ അദ്ദേഹത്തിന്റെ പ്രകടനം മോശമായിപ്പോയി. പക്ഷേ, ഇത്രയും പ്രായം കുറഞ്ഞ താരം ഒരു മത്സരത്തിൽ പരാജയപ്പെട്ടതിന് ആശങ്കപ്പെടേണ്ട എന്തെങ്കിലും കാര്യമുണ്ടോ? അടുത്ത കളിയിലും അദ്ദേഹം പതിവുപോലെ കളത്തിലെത്തി സ്വതന്തമായിത്തന്നെ കളിക്കും’ – ബോണ്ട് പറഞ്ഞു.
‘‘കൂടാതെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോഡ് തീർച്ചയായും തന്റെ പദ്ധതികൾ വൈഭവുമായി പങ്കുവയ്ക്കുന്നുണ്ടാകും. ഏതു തരം ബോളർമാരെയാണ് നേരിടാൻ പോകുന്നതെന്ന കാര്യത്തിലും അവലംബിക്കേണ്ട ശൈലിയുടെ കാര്യത്തിലും വൈഭവിനോടു സംസാരിക്കുന്നുമുണ്ടാകും. പക്ഷേ, അവൻ ഒരു കൊച്ചുകുട്ടിയാണ്. അതിനാൽതന്നെ അവനെ ആരും നിയന്ത്രിച്ചു നിർത്താനൊന്നും പോകുന്നില്ല. അവൻ സ്വാതന്ത്ര്യത്തോടെ തന്നെ ബാറ്റിങ് തുടരും.
‘‘വളരെ പ്രതിഭാധനനായ താരമാണ് വൈഭവ്. പക്ഷേ, കൊച്ചുകുട്ടിയുമാണ്. അവൻ കാര്യങ്ങളെല്ലാം പഠിച്ചുവരുന്നതേയുള്ളൂ. അതുകൊണ്ട് അവന് സമയം കൊടുത്ത് ക്ഷമയോടെ കാത്തിരിക്കാനാണ് ഞങ്ങളുടെ തീരുമാനം. പതിനാലു വയസുള്ള ഒരാളിൽനിന്ന് പ്രതീക്ഷിക്കാവുന്നതിന് ഒരു പരിധിയില്ലേ. അവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഉൾപ്പെടെ കൈകാര്യം ചെയ്യുന്നതിലും പ്രത്യേക പരിശീലനമുണ്ട്’ – ഷെയ്ൻ ബോണ്ട് കൂട്ടിച്ചേർത്തു.
View this post on Instagram