ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിലെ ഹർഷിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ ക്യാമ്പിലുണ്ടായിരുന്ന സൈനികരെ കാണാതായതായി വിവരം. മിന്നൽ പ്രളയമുണ്ടായ സമയം ക്യാപിൽ 8-10 സൈനികർ ഉണ്ടായിരുന്നതായും ഇവരെ കാണാനില്ലെന്നുമാണ് സൈനിക വക്താവിനെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
ഉത്തരകാശിയിലെ ധരാലി ഗ്രാമത്തിൽ മേഘ വിസ്ഫോടനമുണ്ടായതിന് പിന്നാലെയാണ് സുഖി ടോപ്പിൽ സൈനിക ക്യാമ്പിന് സമീപത്തായി വീണ്ടും മേഘവിസ്‌ഫോടനമുണ്ടായതായത്. ധരാലിക്ക് സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് ഇത്. രക്ഷാപ്രവർത്തന സംഘങ്ങളെല്ലാം ധരാലിയിലെ മേഘ വിസ്‌ഫോടനം നടന്ന സ്ഥലത്താണെന്നതിനാൽ രണ്ടാമത്തെ മേഘവിസ്ഫോടന സ്ഥലത്തെ രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമാണ്.
അതേസമയം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് ആദ്യത്തെ വൻ മേഘവിസ്‌ഫോടനമുണ്ടായത്. മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലും പെട്ട് അൻപതിലധികംപേരെ കാണാതായി. നാലുപേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വലിയതോതിലുള്ള സ്വത്തുനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ണും വെള്ളവും കുത്തിയൊലിച്ചെത്തി ധരാലി ഗ്രാമത്തെ ഒന്നാകെ വിഴുങ്ങുകയായിരുന്നു.
ആർക്കും ഓടിരക്ഷപ്പെടാൻപോലും സാധിക്കാത്ത വിധം, സെക്കൻഡുകൾക്കൊണ്ട് ഒട്ടേറെ വീടുകളും ഹോട്ടലുകളും ഹോംസ്‌റ്റേകളും കുത്തൊഴുക്കിൽ ഒലിച്ചുപോയി. മണ്ണും കെട്ടിടാവശിഷ്ടങ്ങളും അടിഞ്ഞുകൂടിയിരിക്കുന്നതിനാൽ ഇവയ്ക്കടിയിൽനിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയെടുക്കുക എളുപ്പമല്ല. പലരും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണു സൂചന. ഹർസിൽ മേഖലയിലെ ഖീർ ഗംഗാ നദിയുടെ വൃഷ്ടിപ്രദേശത്തുണ്ടായ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിന് കാരണമായത്. ഇന്ത്യൻ സൈന്യം, സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, പോലീസ് തുടങ്ങിയ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.