വാഷിങ്ടൻ: ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ ഉടൻ തന്നെ ‘പകരത്തിനു പകരം തീരുവ’ (റെസിപ്രോക്കൽ താരിഫ്) ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് ഉൽപന്നങ്ങൾക്ക് ഈ രാജ്യങ്ങൾ ചുമത്തുന്ന അതേ തീരുവകൾ അവരുടെ ഉത്പ്പന്നങ്ങൾക്കും യുഎസ് ഈടാക്കുമെന്ന് ട്രംപ്. ‘‘ഞങ്ങൾ ഉടൻ തന്നെ പകരത്തിനു പകരം തീരുവകൾ ഏർപ്പെടുത്തും.
അവർ ഞങ്ങളിൽനിന്നു തീരുവകൾ ഈടാക്കുന്നു, ഞങ്ങൾ അവരിൽനിന്നും. ഇന്ത്യയോ, ചൈനയോ പോലുള്ള രാജ്യമോ അല്ലെങ്കിൽ ഒരു കമ്പനിയോ എന്ത് ഈടാക്കിയാലും ഇക്കാര്യത്തിൽ ഞങ്ങൾ നീതി പുലർത്താൻ ആഗ്രഹിക്കുന്നു.’’– ട്രംപ് വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ ടെസ്‌ല സിഇഒ ഇലോൺ മസ്‌കും പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കു മുൻപ് ഇന്ത്യയുടെ അമിത തീരുവകളെക്കുറിച്ച് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യ ഈടാക്കുന്നത് ഉയർന്ന നിരക്കിലുള്ള തീരുവകളാണെന്നും അവിടെ വ്യാപാരം ചെയ്യാൻ ബുദ്ധിമുട്ടാണെന്നും ട്രംപ് ആരോപിച്ചിരുന്നു.
‘‘അവർ ചർച്ച നടത്തി. ഇന്ത്യയിൽ ബിസിനസ് ചെയ്യാൻ അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നു ഞാൻ കരുതുന്നു. എന്നാൽ അമിത തീരുവകൾ കാരണം ഇന്ത്യ ബിസിനസ് ചെയ്യാൻ വളരെ ബുദ്ധിമുട്ടുള്ള സ്ഥലമാണ്. അവർക്ക് ഏറ്റവും ഉയർന്ന തീരുവകളാണ് ഉള്ളത്. അദ്ദേഹം ഒരു കമ്പനി നടത്തുന്നതുകൊണ്ടാകാം കൂട്ടിക്കാഴ്ച നടത്തിയതെന്നാണ് ഞാൻ കരുതുന്നുത്.’’ – മോദി–മസ്ക് കൂടിക്കാഴ്ചയെക്കുറിച്ച് ട്രംപ് വ്യക്തമാക്കി.