വാഷിങ്ടൻ: തീരുവയുടെ കാര്യത്തിൽ യുഎസുമായി കൊമ്പു കോർക്കുന്ന രാജ്യങ്ങളെ രൂക്ഷമായി പരിഹസിച്ചു ഡോണൾഡ് ട്രംപ്. പരിഹാസം, പുച്ഛം കൂടെ കൂടെ അൽപം അശ്ലീലവും ചേർന്നതായിരുന്നു ട്രംപിന്റെ പ്രസ്താവനകൾ. ‘യുഎസുമായി കരാറിലെത്താൻ അവർ എന്തിനും തയാറാണ്. ഒത്തുതീർപ്പിനു വേണ്ടി ആ രാജ്യങ്ങൾ എന്നെ വിളിച്ചു കെഞ്ചുകയാണ്. സർ, ദയവായി കരാർ ഉണ്ടാക്കൂ, ഞാൻ എന്തു വേണമെങ്കിലും ചെയ്യാം… (അശ്ലീല പരാമർശം)’ എന്നാണ് അവർ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം ഔഷധ മേഖലയിലെ തീരുവ ഉടൻ പ്രഖ്യാപിക്കുമെന്നും ട്രംപ് അറിയിച്ചു.
യുഎസിലേക്കുള്ള ഇറക്കുമതിക്കു ചുമത്തിയ പകരം തീരുവ 90 ദിവസത്തേക്കാണ് ട്രംപ് മരവിപ്പിച്ചത്. എന്നാൽ ഇതിൽനിന്നു ചൈനയെ ഒഴിവാക്കിയ ട്രംപ് തീരുവ 125% ആക്കി ഉയർത്തി. പുതുക്കിയ തീരുവ ബുധനാഴ്ച പ്രാബല്യത്തിൽ വരുമെന്ന് കരുതിയിരിക്കെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.
90 ദിവസത്തേക്ക് രാജ്യങ്ങളുടെ ഉത്പ്പന്നങ്ങൾക്ക് 10% തീരുവയായിരിക്കും ഈടാക്കുക. 104% പകരംതീരുവ ചുമത്തിയ യുഎസ് നടപടിക്കെതിരെ ചൈന തിരിച്ചടിച്ചിരുന്നു. യുഎസ് ഉൽപന്നങ്ങൾക്ക് 84% തീരുവ ചുമത്താനായിരുന്നു തീരുമാനം. ഇതാണു ട്രംപിനെ പ്രകോപിപ്പിച്ചത്. അതേസമയം തീരുവ മരവിപ്പിക്കാനുള്ള യുഎസ് തീരുമാനം തങ്ങളുടെ വിജയമാണെന്ന് യൂറോപ്യൻ യൂണിയൻ അവകാശപ്പെട്ടു.