ലക്നൗ: ഭാര്യയെ കാമുകനുതന്നെ വിവാഹം കഴിപ്പിച്ചുകൊടുത്ത് യുവാവ്. ഉത്തർപ്രദേശിലെ കബീർ നഗർ ജില്ലയിലെ ബബ്ലു എന്ന യുവാവാണ് സ്വന്തം ഭാര്യ രാധികയെ കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് അറിഞ്ഞ് അടിക്കും കുത്തിനുമൊന്നും ബബ്ലു നിന്നില്ല. ഇരുവരുടേയും കല്യാണക്കാര്യം മുന്നോട്ടുവച്ചു. ഇത് ഭാര്യയും മറ്റുള്ളവരും അംഗീകരിക്കുകയും ചെയ്തു.
2017ലായിരുന്നു ബബ്ലുവിന്റെയും രാധികയുടെയും വിവാഹം. ഇവർക്ക് ഒമ്പതും ഏഴും വയസുള്ള രണ്ട് കുട്ടികളുമുണ്ട്. കൂലിപ്പണിക്കാരനായ ബബ്ലു പലപ്പോഴും ജോലിസംബന്ധമായ ആവശ്യത്തിനായി വീടുവിട്ട് പോകാറുണ്ടായിരുന്നു. ഈ സന്ദർഭത്തിലാണ് രാധിക കാമുകനുമായി ബന്ധം സ്ഥാപിച്ചത്. എന്നാൽ ഇക്കാര്യം ബബ്ലു ആദ്യമൊന്നും അറിഞ്ഞില്ല. കുറച്ചുനാൾ കഴിഞ്ഞാണ് പ്രണയബന്ധത്തിന്റെ കാര്യം ബബ്ലുവും വീട്ടുകാരും അറിയുന്നത്. ആദ്യം ബന്ധത്തിൽ നിന്ന് പിന്മാറാൻ ഭാര്യയോടും യുവാവിനോടും ആവശ്യപ്പെട്ടെങ്കിലും ഇരുവരും അതിന് തയ്യാറായില്ല. ഇതോടെ ഭാര്യയുടെ പ്രണയബന്ധത്തെക്കുറിച്ച് ബബ്ലു ഗ്രാമത്തിലെയും കുടുംബത്തിലെയും മുതിർന്നവരെ അറിയിച്ചു.
പ്രശ്നത്തിന് പോംവഴി കണ്ടെത്താനും നിർദേശിച്ചു. എന്നാൽ തക്കതായ പോംവഴി കണ്ടെത്താൻ ആർക്കും കഴിഞ്ഞില്ല. ഇതോടെയാണ് ഭാര്യയുടെയും കാമുകന്റെയും വിവാഹം നടത്തിക്കൊടുക്കാൻ ബബ്ലു തീരുമാനിച്ചത്. തീരുമാനം ഉറച്ചതാണെന്ന് വ്യക്തമാക്കിയതോടെ ആരും എതിർത്തില്ല. തനിക്ക് രാധികയിൽ ജനിച്ച് രണ്ട് കുട്ടികളെയും താൻ തന്നെ സംരക്ഷിക്കും എന്നും അയാൾ പറഞ്ഞു. വിവാഹത്തിന് ഭാര്യകൂടി സമ്മതം മൂളിയതോടെ കോടതിയുടെ അനുമതിയോടെ വിവാഹം കോടതിയിൽ വച്ചുതന്നെ നടത്തി. തുടർന്ന് ക്ഷേത്രത്തിൽ വച്ച് ആചാരപ്രകാരമുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തു.