ന്യൂഡൽഹി: ഉന്നാവ് പീഡന കേസ് പ്രതിയായ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തത്. സിബിഐ നൽകിയ അപ്പീലിലാണ് സ്റ്റേ നടപടി.
അതേസമയം ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും കുടുംബവും പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു. വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ അതിജീവിത ഇന്നലെ ജന്തർമന്തറിൽ എത്തിയാണ് പ്രതിഷേധിച്ചത്. കേസിൽ സെൻഗാറുമായി സിബിഐ ഉദ്യോഗസ്ഥർ ഒത്തുകളിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം. കോടതി നടപടികളിൽ ഉദ്യോഗസ്ഥർ മനഃപൂർവം വീഴ്ചവരുത്തിയെന്നും മൊഴിയിൽ കൃത്രിമത്വം കാട്ടിയെന്നും അതിജീവിത ആരോപിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അതിജീവിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



















































