ദുബായ്: നഴ്സുമാര്ക്ക് വമ്പന് അവസരമൊരുക്കി യുഎഇ. അബുദാബി കേന്ദ്രമായി പ്രവര്ത്തിക്കുന്ന ആരോഗ്യസേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലെ 100ലധികം സ്റ്റാഫ് നഴ്സ് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നോര്ക്ക റൂട്ട്സ് വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്ക്കാണ് അവസരം. അപേക്ഷ അയക്കേണ്ട അവസാനതീയതി ഫെബ്രുവരി 18 ആണ്. നഴ്സിങ്ങില് ബിഎസ്സി, പോസ്റ്റ് ബിഎസ്സി ബിരുദവും എമര്ജന്സി/കാഷ്വാലിറ്റി അല്ലെങ്കില് ഐസിയു സ്പെഷാലിറ്റിയില് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം, ബിഎൽഎസ് (ബേസിക് ലൈഫ് സപ്പോർട്ട്), എസിഎല്എസ് (അഡ്വാൻസ്ഡ് കാർഡിയോവാസ്കുലർ ലൈഫ് സപ്പോർട്ട്), മെഡിക്കൽ നഴ്സിങ് പ്രാക്ടിസിങ് യോഗ്യത എന്നിവ ഉണ്ടായിരിക്കണം.
വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്ട്ട് എന്നിവയുടെ പകര്പ്പുകള് സഹിതം www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി അപേക്ഷിക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അജിത് കോളശ്ശേരി അറിയിച്ചു. 5,000 ദിര്ഹം ശമ്പളവും ഷെയേര്ഡ് ബാച്ചിലർ താമസം, സൗജന്യഭക്ഷണം അല്ലെങ്കില് പാചകം ചെയ്യുന്നതിനുള്ള സൗകര്യം, ആരോഗ്യഇൻഷുറൻസ്, അവധി ആനുകൂല്യങ്ങള്, രണ്ട് വർഷത്തിലൊരിക്കൽ നാട്ടിലേക്കുള്ള വിമാനടിക്കറ്റ് എന്നീ ആനുകൂല്യങ്ങള് ലഭിക്കും.
സൈക്കിൾ റോട്ടേഷൻ വ്യവസ്ഥയില് പരമാവധി 120 ദിവസം വരെ ജോലിയും 28 ദിവസത്തെ അവധിയും ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫിസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്) നോര്ക്ക ഗ്ലോബല് കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്നിന്ന്) +91-8802 012 345 (വിദേശത്തുനിന്ന്, മിസ്ഡ് കാള് സർവീസ്) ബന്ധപ്പെടാവുന്നതാണ്.