ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് മത്സരം സൂക്ഷ്മതയോടെ വീക്ഷിക്കുന്ന ഒരു കൗമാരക്കാരന്റെ ചിത്രം വൈറലായത് രണ്ടു ദിവസം മുൻപാണ്. എന്നാൽ വൈഭവ് സൂര്യവംശിയെന്ന കൗമാരക്കാരൻ അതു വീക്ഷിക്കുക മാത്രമല്ല അടുത്ത മത്സരത്തിൽ തനിക്ക് ഡബിൾ സെഞ്ചുറിയടിക്കണമെന്ന പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു.
യൂത്ത് ഏകദിനത്തിൽ അതിവേഗ സെഞ്ചുറി തികച്ചതിന് പിന്നാലൊണ് വമ്പൻ പ്രഖ്യാപനവുമായി വൈഭവ് രംഗത്തെത്തിയത്. അടുത്ത മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടാനാണ് തന്റെ ശ്രമമെന്നും നിശ്ചിത അമ്പത് ഓവർ മുഴുവനായി കളിക്കാനാണ് ലക്ഷ്യമിടുന്നതെന്നും വൈഭവ് പറഞ്ഞു. ബിസിസിഐ എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് വൈഭവ് ഇക്കാര്യം തുറന്നു പറഞ്ഞത്.
തന്റെ ഈ പ്രഖ്യാപനത്തിനു പിന്നിൽ ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ ശുഭ്മാൻ ഗിൽ ആണെന്നും അദ്ദേഹം തനിക്ക് പ്രചോദനമാണെന്നും അദ്ദേഹത്തിന്റെ കളി നേരിട്ട് കാണാനായെന്നും വൈഭവ് കൂട്ടിച്ചേർത്തു. നൂറും ഇരുന്നൂറും തികച്ചതിന് പിന്നാലെ അദ്ദേഹം ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നു. അതിനാൽ എനിക്കും അതുപോലെ ദീർഘനേരം ബാറ്റുചെയ്യണമെന്നുണ്ട്. കാരണം ഞാൻ പുറത്തായതിന് ശേഷവും 20 ഓവറുകൾ ബാക്കിയുണ്ടായിരുന്നു- വൈഭവ് പറഞ്ഞു.
അതുപോലെ ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താനായതിൽ തനിക്കു സന്തോഷമുണ്ട്. അടുത്ത മത്സരത്തിൽ 200 റൺസ് നേടാൻ ശ്രമിക്കും. അമ്പത് ഓവർ മുഴുവനായും ബാറ്റുചെയ്യാനാണ് ശ്രമിക്കുക. ഞാൻ റണ്ണെടുക്കുമ്പോൾ അതിന്റെ നേട്ടം ടീമിന് ലഭിക്കുന്നു. അതിനാൽ മുഴുവൻ ഓവറും ബാറ്റ് ചെയ്യാൻ ശ്രമിക്കുമെന്നും വൈഭവ് പറയുന്നു.
അതേസമയം ഐപിഎല്ലിൽ തുടങ്ങിയ വൈഭവിന്റെ തേരോട്ടം ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ലും തുടരുകയാണ്. ഇന്നലെ നടന്ന സെഞ്ചുറി പ്രകടനത്തിന് പിന്നാലെ ഈ പതിന്നാലുകാരൻ ലോക ക്രിക്കറ്റിൽ പുതുചരിത്രമെഴുതുകയാണ്. യൂത്ത് ഏകദിന ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന താരമെന്ന ചരിത്രനേട്ടം വൈഭവ് ഇതിനോടകം സ്വന്തമാക്കി. 52-പന്തിൽ മൂന്നക്കം തൊട്ട താരം പാക് താരമായ കമ്രാൻ ഖുലാമിന്റെ റെക്കോഡാണ് ഇന്നലെ പഴങ്കഥയായത്. 2013-ൽ ഖുലാം 53-പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരേയാണ് അന്ന് പാക് കൗമാരതാരം സെഞ്ചുറി തികച്ചത്.
മാത്രമല്ല യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി വൈഭവ് മാറി. ബംഗ്ലാദേശിന്റെ നജ്മുൾ ഷാന്റോയുടെ റെക്കോഡാണ് ഇവിടെ വൈഭവ് തകർത്തത്. 2013-ൽ സെഞ്ചുറി നേടുമ്പോൾ 14 വർഷവും 241 ദിവസവുമായിരുന്നു താരത്തിന്റെ പ്രായം. യൂത്ത് ഏകദിനത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന നേട്ടവും വൈഭവിന് വന്നുചേർന്നു. അതുപോലെ ഏറ്റവും കുറവ് ബോളിൽ അർധശതകം തികയ്ക്കുന്ന രണ്ടാമത്തെ താരവും വൈഭവായി. 20 ബോളിലാണ് താരം അർധശതകം തൊട്ടത്. ഇന്ത്യയുടെ ഋഷഭ് പന്താണ് ഒന്നാമത്. 18 ബോളിലായിരുന്നു താരം അർധശതകം കുറിച്ചത്.
Of scoring the fastest ever 💯 in U19 and Youth ODIs & getting inspired by Shubman Gill 👌 🔝
Vaibhav Suryavanshi shares his thoughts! 🙌#TeamIndia | @ShubmanGill | @VaibhavSV12 pic.twitter.com/ihQkaSs0SJ
— BCCI (@BCCI) July 6, 2025