ന്യൂഡൽഹി: ഇന്ത്യയ്ക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കയ്ക്ക് ;ചുട്ട മറുപടിയായി പകരം തീരുവ ചുമത്തണമെന്ന നിർദേശം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കുമെന്ന് സൂചന. ഇന്ത്യയ്ക്ക് 50 ശതമാനം തീരുവ ചുമത്തിയതിന് പകരം നടപടികൾ വേണമെന്ന ആവശ്യം ശക്തമായതോടെയാണ് ഇക്കാര്യം ചർച്ച ചെയ്യുന്നത്. ഈ ആവശ്യമുന്നയിച്ച് പാർലമെൻറിൽ എംപിമാർ നോട്ടീസ് നൽകും. ഇന്ത്യ പകരം തീരുവ പ്രഖ്യാപിക്കാത്തത് ദൗർബല്യമായി വ്യഖ്യാനിക്കുമെന്ന് ബിജെപിയിലും അഭിപ്രായമുയരുന്നുണ്ട്.
ഇതിനിടെ അമേരിക്ക- റഷ്യ ചർച്ചയെ ഇന്ത്യ പിന്തുണക്കുകയും ചെയ്തു. റഷ്യ- യുക്രെയ്ൻ സംഘർഷം തീരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ കൂട്ടിച്ചേർത്തു. ആഗസ്റ്റ് 15 ന് അലാസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്കായി അമേരിക്കയും റഷ്യൻ ഫെഡറേഷനും തമ്മിൽ എത്തിച്ചേർന്ന ധാരണയെ സ്വാഗതം ചെയ്യുന്നുവെന്നാണ് ഇന്ത്യ അറിയിച്ചത്
കൂടിക്കാഴ്ച്ചയെക്കുറിച്ച് ട്രംപും സാമൂഹ്യ മാധ്യമമായ ട്രൂത്തിൽ കുറിച്ചു. അമേരിക്കയുടെ പ്രസിഡൻറ് എന്ന നിലയിൽ താനും റഷ്യൻ പ്രസിഡൻറ് പുടിനും തമ്മിലുള്ള, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൂടിക്കാഴ്ച അടുത്ത വെള്ളിയാഴ്ച അലാസ്കയിലെ ഗ്രേറ്റ് സ്റ്റേറ്റിൽ നടക്കുമെന്നായിരുന്നു കുറിപ്പ്.
അതേസമയം യുക്രെയ്‌നിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം അവസാനിപ്പിക്കുന്നതിനും സമാധാനത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനുമുള്ള ഉറപ്പും സാധ്യതയുമാണ് ഈ കൂടിക്കാഴ്ച നൽകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരവധി തവണ പറഞ്ഞതുപോലെ ഇത് യുദ്ധത്തിൻറെ യുഗമല്ലെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.
അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ഏർപ്പെടുത്തിയുള്ള നടപടിക്കിടെ റഷ്യൻ പ്രസിഡൻറ് പുടിനുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചിരുന്നു. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു നേതാക്കളും തമ്മിൽ ചർച്ച ചെയ്തു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലടക്കം അമേരിക്ക കടുത്ത എതിർപ്പ് തുടരുന്നതിനിടെയാണ് റഷ്യയുമായുള്ള വ്യാപാരത്തിലടക്കം വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു.