ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാർക്കെതിരെ തേടി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ പരിശോധനയിലാണ് ട്രംപിന്റെ ഭരണകൂടം. . ആരാധനാലയങ്ങളെപോലും ഉദ്യോഗസ്ഥർ പരിശോധനകളിൽ നിന്ന് ഒഴിവാക്കിയിട്ടില്ല. ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റാണ് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നിരീക്ഷണങ്ങളും പരിശോധനകളും നടത്തുന്നത്. ഇതിന്റെ ഭാഗമായി സിഖ് മതവിശ്വാസികളുടെ ഗുരുദ്വാരകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുമാണ് സംഭവം. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നുണ്ടോ എന്നു കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഈ പരിശോധന.
ജോ ബൈഡന്റെ കാലത്ത് ആരാധനാലയങ്ങളിൽ പോലീസിന്റെയും നിയമനിർവഹണ ഏജൻസികളുടെയും പ്രവേശനത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. ആരാധനാ കേന്ദ്രങ്ങളെ സെൻസിറ്റീവ് ഏരിയ എന്ന നിലയിൽ കണക്കാക്കി ഏജൻസികളുടെ പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തുകയായിരുന്നു, എന്നാൽ ട്രംപ് വന്നതോടെ മൊത്തത്തിലൊരു പൊളിച്ചടുക്കലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ന്യൂയോർക്ക്, ന്യൂജേഴ്‌സി തുടങ്ങിയ സ്ഥലങ്ങളിലെ ഗുരുദ്വാരകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധനകളും നിരീക്ഷണങ്ങളും തുടങ്ങി. ഗുരുദ്വാരകൾ സിഖ് വിഘടനവാദികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും കേന്ദ്രമായി മാറുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന.
ബംഗ്ലാദേശിനു കനത്ത തിരിച്ചടി; സാമ്പത്തിക സഹായം നിർത്തലാക്കി ട്രംപ്, കരാറുകളും ഗ്രാന്റുകളും ഉൾപ്പെടെ എല്ലാ സഹായ പദ്ധതികളും അവസാനിപ്പിക്കും
കുടിയേറ്റ നിയമത്തെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് ഹോംലാൻഡ് സെക്യൂരിറ്റി വിശദീകരിക്കുന്നത്. പുറത്തുനിന്ന് വന്ന കൊലപാതകികളെയും സ്ത്രീ പീഡകരെയും പിടികൂടാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കുറ്റവാളികൾക്ക് അറസ്റ്റ് ഒഴിവാക്കാൻ അമേരിക്കയിലെ സ്‌കൂളുകളിലും ആരാധനാകേന്ദ്രങ്ങളിലും ഇനി ഒളിക്കാനാകില്ല. സർക്കാർ സുരക്ഷാ ഏജൻസികളുടെ കൈകെട്ടിയിട്ടില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി വിശദീകരിക്കുന്നു.
പക്ഷെ സർക്കാർ ഏജൻസികളുടെ അകത്തുപ്രവേശിച്ചുള്ള പരിശോധനകളിൽ ചില സിഖ് സംഘടനകൾക്ക് അതൃപ്തിയുണ്ട്. ഗുരുദ്വാരകളുടെ പവിത്രതയെയും തങ്ങളുടെ വിശ്വാസത്തെയും ബാധിക്കുന്നതാണ് നടപടികളെന്നാണ് ഇവരുടെ വാദം. ഗുരുദ്വാരകളെ ലക്ഷ്യംവച്ചുള്ള നീക്കം വിശ്വാസികളെ അപമാനിക്കാനാണെന്ന വാദമാണ് ഇവരുയർത്തുന്നത്. അതുകൊണ്ടുതന്നെ സിഖ് സംഘടനകളിൽനിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു.
മാത്രമല്ല ട്രംപിന്റെ നീക്കത്തിൽ യുഎസിലെ സിഖ് അമേരിക്കൻ ലീഗൽ ഡിഫൻസ് ആൻഡ് എഡ്യുക്കേഷൻ ഫണ്ട് (എസ്എഎൽഡിഇഎഫ്) ആശങ്ക രേഖപ്പെടുത്തി. ആരാധനാകേന്ദ്രങ്ങളിൽ നടത്തുന്ന ഇത്തരം പരിശോധനകളിൽ ആശങ്കയുണ്ടെന്ന് എസ്എഎൽഡിഇഎഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കിരൺ കൗർ ഗിൽ പറഞ്ഞു.